25 കോടി ക്ലബ്ബിലേക്ക് രാജകീയമായി പ്രവേശിച്ച് ‘പാപ്പന്‍’ ; അനുദിനം കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ നിറയുന്നു
1 min read

25 കോടി ക്ലബ്ബിലേക്ക് രാജകീയമായി പ്രവേശിച്ച് ‘പാപ്പന്‍’ ; അനുദിനം കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ നിറയുന്നു

ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രമായ പാപ്പന്‍ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും വിജയക്കുതിപ്പ് തുടരുകയാണ്. കനത്ത മഴ ആയിട്ടുപോലും കേരളത്തില്‍ നിന്ന് മാത്രം ബമ്പര്‍ കളക്ഷനാണ് ചിത്രം നേടിയത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ ശനിയാഴ്ച 3.87 കോടിയും ഞായറാഴ്ച 4.53 കോടിയും തിങ്കളാഴ്ച 1.72 കോടിയും നേടിയിരുന്നു. കേരളത്തില്‍ നിന്ന് ഒരാഴ്ച്ച നേടിയ കളക്ഷന്‍ 17.85 ആയിരുന്നു. ഇപ്പോഴിതാ ചിത്രം 25 കോടി ക്ലബ്ബില്‍ ഇടം നേടിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഈ വര്‍ഷം ഏറ്റവും അധികം കളക്ഷന്‍ നേടിയ ടോപ് ഫൈവ് മലയാള ചിത്രങ്ങളുടെ പട്ടികയിലും പാപ്പന്‍ ഒരാഴ്ച്ചക്കുള്ളില്‍ പ്രവേശിച്ചുകഴിഞ്ഞു. കളക്ഷനില്‍ ചിത്രം ഇനിയും ഏറെ മുന്നോട്ട് പോകും എന്നാണ് കരുതപ്പെടുന്നത്.

കേരളത്തില്‍ റിലീസ് ചെയ്ത 250 ല്‍ അധികം തീയേറ്ററുകളിലും ചിത്രം ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. ഓഗസ്റ്റ് 5 മുതലായിരുന്നു കേരളത്തിന് പുറത്ത് സിനിമ പ്രദര്‍ശനത്തിന് എത്തിയത്. കേരളത്തിന് അകത്തും പുറത്തും നിറഞ്ഞ സദസ്സുകളില്‍ പാപ്പാന്‍ ആറാടുകയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യസംസ്ഥാന വിതരണാവകാശം വിറ്റുപോയത്. മറ്റ് സംസ്ഥാനങ്ങളില്‍ 132 തിയേറ്ററുകളിലാണ് പാപ്പന്‍ റിലീസ് ചെയ്തത്. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം ചിത്രം പ്രദര്‍ശനത്തിനെത്തുക 108 സ്‌ക്രീനുകളിലായിരുന്നു. കേരള റിലീസില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ചെയ്തിരുന്ന പോസിറ്റീവ് അഭിപ്രായങ്ങള്‍ ചിത്രത്തിന്റെ റെസ്റ്റ് ഓഫ് ഇന്ത്യ, വിദേശ കളക്ഷനുകളില്‍ കാര്യമായി പ്രതിഫലിച്ചിട്ടുണ്ടെന്നുള്ളത് ഈ 25 കോടി കളക്ഷന്‍ നേടിയതില്‍ നിന്നും മനസ്സിലാക്കാം.

ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് പാപ്പന്‍. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകനും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ 252-ാം ചിത്രം കൂടിയാണിത്. ആര്‍.ജെ ഷാന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ്.

ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ട് തിരിച്ചെത്തിയപ്പോള്‍ മലയാള സിനിമയ്ക്ക് തന്നെ മുതല്‍കൂട്ടായി മാറുകയാണെന്നാണ് സിനിമ കണ്ട് കഴിഞ്ഞവര്‍ പലരും പറയുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.