ഈ വാരം ഒടിടിയിലെത്തുന്ന മലയാള സിനിമകള്‍ ഇവ ; ആകാംഷയില്‍ പ്രേക്ഷകര്‍
തിയറ്റര്‍ റിലീസില്‍ ഏറെ ശ്രദ്ധ നേടുന്ന സിനിമകളുടെയും വേണ്ട ശ്രദ്ധ ലഭിക്കാതെപോയ മികച്ച സിനിമകളുടെയും ഒടിടി റിലീസുകള്‍ക്കായി വലിയ ആകാംക്ഷയാണ് പ്രേക്ഷകര്‍ കാണിക്കാറുള്ളത്. നാല് മലയാള ചിത്രങ്ങളാണ് ഒടിടിയിലൂടെ ഈ വാരം പ്രേക്ഷകരെ തേടി എത്തുന്നത്. ഇതില്‍ രണ്ട് ചിത്രങ്ങള്‍ ഇതിനകം പ്രദര്‍ശനം ആരംഭിച്ചുകഴിഞ്ഞു. മമ്മൂട്ടിയെ ടൈറ്റില്‍ കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ഡ്രാമ ചിത്രം ക്രിസ്റ്റഫര്‍, സിജു വില്‍സണെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രം വരയന്‍ എന്നിവയാണ് ഈ വാരം ഇതിനകം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ച മലയാളം സിനിമകള്‍. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ക്രിസ്റ്റഫറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്.
സ്വാസിക വിജയ്, റോഷന് മാത്യു, അലന്‍സിയര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്ത ഡ്രാമ ചിത്രം ചതുരമാണ് അത്. സൈന പ്ലേയിലൂടെ ഇന്ന് രാത്രി 10 ന് ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. കഴിഞ്ഞ നവംബറില്‍ ആയിരുന്നു തിയറ്ററില്‍ എത്തിയത്. പ്രേക്ഷക പ്രശംസ നേടിയ ചിത്രം തിയറ്ററുകളില്‍ കയ്യടി നേടിയിരുന്നു. ഓണ്‍ലൈന്‍ റിലീസിനോട് അനുബന്ധിച്ച് പുതിയ ട്രെയിലറും അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രചന സിദ്ധാര്‍ഥും വിനോയ് തോമസും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നിദ്ര, ചന്ദ്രേട്ടന് എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്ത ചിത്രമാണിത്. ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശാന്തി ബാലചന്ദ്രന്, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മാളവിക മോഹനന്, മാത്യു തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആല്വിന് ഹെന്റി സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രം ക്രിസ്റ്റിയാണ് ഈ വാരം മലയാളത്തില്‍ നിന്നുള്ള മറ്റൊരു ഒടിടി റിലീസ്. സോണി ലിവില്‍ നാളെ (മാര്‍ച്ച് 10) യാണ് ചിത്രത്തിന്റെ റിലീസ്. തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ആല്‍വിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആര് ഇന്ദുഗോപനുമാണ്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായര്‍, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിലുണ്ട്. ആനന്ദ് സി. ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന് സതീശന് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് എഡിറ്റിങ്.