‘ഓളവും തീരവും’ : ബാപ്പുട്ടിയായി മോഹൻലാൽ, നബീസയായി ദുർഗ കൃഷ്ണ ; പതിറ്റാണ്ടുകൾക്കുശേഷം ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരു സൂപ്പർതാര മലയാളസിനിമ
കാലത്തിനനുസരിച്ച് ചുറ്റുമുള്ള എല്ലാത്തിനും നിറം പിടിച്ചപ്പോൾ അതിൽ ഏറ്റവും വലിയ മാറ്റമായിരുന്നു സിനിമകൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളർ ആയി മാറിയത്. സാങ്കേതികവിദ്യകൾ അങ്ങേയറ്റം മുന്നോട്ട് എത്തിയപ്പോൾ സിനിമയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ മാറ്റമായിരുന്നു അത്. അവിടെനിന്നും സിനിമ ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ വീണ്ടും ചരിത്രത്തിലേക്ക് തന്നെ മടങ്ങിപ്പോകാൻ ഒരുങ്ങുകയാണ് മലയാള സിനിമ. കാലങ്ങൾക്ക് ശേഷം വീണ്ടും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഇറങ്ങാൻ ഒരുങ്ങുന്നു എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.
പുതിയ കാലത്തെ സിനിമ ആസ്വാദകർക്ക് അത് വേറിട്ട അനുഭവവും, പഴയ കാലത്തെ സിനിമ ആസ്വാദകർക്ക് അത് ഓർമ്മകളിലേക്കുള്ള മടങ്ങിപ്പോക്കും ആയിരിക്കും.ഈ സംഭവത്തിന് വഴി തെളിക്കുന്നവർ മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും, ഹിറ്റ് മേക്കർ പ്രിയദർശനും, മഹാ എഴുത്തുകാരൻ എംടിയും, ക്യാമറക്ക് പുറകിലെ ഇന്ദ്രജാലക്കാരൻ സന്തോഷ് ശിവനും അടങ്ങുന്ന മഹാപ്രതിഭകൾ ആണ്. എം ടി യുടെ രചനയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഓളവും തീരവും ആണ് ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇറങ്ങാൻ പോകുന്നത്. എം ടി വാസുദേവൻ നായരുടെ രചനയിൽ വർഷങ്ങൾക്ക് മുമ്പ് പി എൻ മേനോൻ സംവിധാനം ചെയ്ത പഴയ ചിത്രത്തിന്റെ പുനരാവിഷ്കാരമായിരിക്കും ഇത്.
സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് കലാസംവിധാനം നിർവഹിക്കുന്നത് സാബു സിറിലാണ്. പഴയ ഓളവും തീരവും സിനിമയിലെ നായികാ നായകന്മാരായ ബാപ്പുട്ടിയെയും നബീസയെയും വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമാണ്. അതിൽ ജോസ് പ്രകാശ് ആയിരുന്നു വില്ലൻ. പുതിയ സിനിമയിൽ നായകനായി മോഹൻലാൽ എത്തുമ്പോൾ നായികയായി ദുർഗ കൃഷ്ണയാണ് എത്തുന്നത്. വില്ലനായി എത്തുന്നത് ഹരീഷ് പേരടി ആണ്. കൂടാതെ മാമുക്കോയ, സുരഭി ലക്ഷ്മി, വിനോദ് കോവൂർ, ജയപ്രകാശ് കുളൂർ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏകദേശം 50 മിനിറ്റോളം ദൈർഘ്യമുള്ള ചിത്രം ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡും ആര്‍പിഎസ്ജി ഗ്രൂപ്പും ചേർന്നാണ് നിർമ്മിക്കുന്നത്. എം ടി വാസുദേവൻനായരുടെ പത്ത് ചെറുകഥകളെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന പത്ത് സിനിമകളിലൊന്നാണ് പ്രിയദർശന്റെ ഓളവും തീരവും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.
അരനൂറ്റാണ്ടിനു ശേഷം ആണ് ഓളവും തീരവും പുനഃസൃഷ്ടിക്കുന്നത്. മലയാളത്തിലെ തന്നെ ആദ്യത്തെ റിയലിസ്റ്റിക് മേക്കിംഗ് സിനിമയാണ് ഓളവും തീരവും. തൊടുപുഴ, തൊമ്മൻകുത്ത്, കാഞ്ഞാർ എന്നീ സ്ഥലങ്ങളിലാണ് ഈ മോഹൻലാൽ സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ മഴയത്ത് കുത്തിയൊലിക്കുന്ന പുഴയിൽ മോഹൻലാൽ ഒറ്റയ്ക്ക് ചങ്ങാടം തുഴഞ്ഞു പോകുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാത്രമല്ല കഴിഞ്ഞദിവസം എം ടി വാസുദേവൻ നായരുടെ പിറന്നാൾദിനത്തിൽ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷം ചിത്രത്തിന്റെ സെറ്റിൽ വച്ച് നടത്തിയതും വളരെ വലിയ വാർത്തയായിരുന്നു. 10 സിനിമകൾ ഉൾപ്പെടുന്ന ഈ ആന്തോളജി എംടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി വി നായരാണ് നിര്‍മ്മിക്കുന്നത്.