ഒ.രാജഗോപാൽ വിളക്ക് തെളിച്ചത് ബി.ജെ.പിയുടെ നിർദ്ദേശപ്രകാരം
ഗംഭീര വിജയം കുറിച്ച് വീണ്ടും അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി സർക്കാരിനെ അനുകൂലിക്കുന്നവർ രാത്രിയിൽ വീടുകളിൽ ദീപം തെളിയിച്ചുകൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തിരുന്നു. ഇതേ സമയത്ത് തന്നെ ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ.രാജഗോപാൽ കയ്യിൽ ദീപം ഏന്തിയ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ഒ.രാജഗോപാലിന്റെ ഈ ചിത്രം ഫേസ്ബുക്കിൽ വൈറൽ ആവുകയും രാഷ്ട്രീയപരമായി ഒരുപാട് വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ വിജയാഘോഷത്തിൽ ഒ.രാജഗോപാലും ദൈവം തെളിയിച്ച ഐക്യദാർഢ്യം പ്രഖ്യാപിച്ചു എന്ന തരത്തിലുള്ള നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയും ചെയ്തു. എന്നാൽ ഇത്തരം വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞുകൊണ്ട് രാജഗോപാലൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്ത ദീപം തെളിയിക്കലല്ല താൻ ചെയ്തതെന്നും സേവ് ബംഗാൾ ദിനത്തിന്റെ ഭാഗമായാണ് അങ്ങനെയൊരു ചിത്രം പങ്കുവെച്ചതെന്നും രാജഗോപാലൻ വ്യക്തമാക്കി.
ബംഗാളിൽ നടമാടുന്ന നര.ഹത്യകളിൽ പ്രതിഷേധിച്ച് തപസ്യ കലാ വേദി സേവ് ബംഗാൾ ദിനമായി വെള്ളിയാഴ്ച ആചരിക്കാനും ദൈവം തെളിയിച്ചുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്താനും ആഹ്വാനം ചെയ്തിരുന്നു. ആർഎസ്എസ്,ബിജെപി ദേശീയ കമ്മിറ്റി ഉൾപ്പെടെ ഈ പ്രതിഷേധ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇക്കാരണത്താലാണ് താൻ ദീപം തെളിയിച്ചത് എന്നും അതിൽ പിണറായി വിജയന് ആശംസകൾ അർപ്പിച്ചു എന്ന് പ്രചരിക്കുന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണെന്നും രാജഗോപാൽ വ്യക്തമാക്കി.