എട്ട് വർഷത്തിന് ശേഷം നിവിൻ പോളിയും സായ് പല്ലവിയും ഒന്നിക്കുന്നു; ആകാംക്ഷയോടെ ആരാധകർ
1 min read

എട്ട് വർഷത്തിന് ശേഷം നിവിൻ പോളിയും സായ് പല്ലവിയും ഒന്നിക്കുന്നു; ആകാംക്ഷയോടെ ആരാധകർ

എട്ട് വർഷത്തിന് ശേഷം ഹിറ്റ് ജോഡികളായ നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു. ആവേശഭരിതമായ ഈ വാർത്ത വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തുവരും. 2015ൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്.

ഇന്ത്യൻ അഭിനേത്രിയും നർത്തകിയുമായ സായ് പല്ലവി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. 2008-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ധാം ധൂം’ലൂടെയാണ് സായി പല്ലവി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച ‘പ്രേമ’ത്തിലൂടെ മലയാള സിനിമയിൽ അഭിനയിക്കാൻ തുടങ്ങി.

തന്റെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഹൃദയത്തിൽ തന്റെതായ സ്ഥാനം കരസ്ഥമാക്കിയ നടിയാണ് സായ് പല്ലവി. പിന്നീട് കലി, അതിരൻ എന്നീ ചിത്രങ്ങളിലും സായി പല്ലവി നായികയായി അഭിനയിച്ചിട്ടുണ്ട്. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ​ഗാർ​ഗിയാണ് സായി പല്ലവിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

ശിവ കാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് സായി പല്ലവിയുടേതായി വരാനിരിക്കുന്നത്. ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിലും നിവിൻ അഭിനയിക്കുന്നുണ്ട്.