മരയ്ക്കാർ റിലീസ് പ്രതിസന്ധി നേരിട്ടുമൊ..?? ആശങ്കയോടെ സിനിമാപ്രേമികൾ
ഇന്ത്യൻ സിനിമയിലെ തന്നെ വലിയൊരു നാഴികകല്ലായി മാറാൻ സാധ്യതയുള്ള ചിത്രമാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. ഇതിനോടകം രണ്ട് ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം അഭിമാന നേട്ടത്തോടെയാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. എന്നാൽ ചിത്രം വലിയ റിലീസ് പ്രതിസന്ധിയാണ് നേരിടാൻ പോകുന്നത്. കഴിഞ്ഞ വർഷം മാർച്ച് മാസം റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ കർശനമായ മാനദണ്ഡങ്ങളിൽ പ്രദർശനാനുമതി മുടങ്ങുകയായിരുന്നു. ലോകവ്യാപകമായി ആയിരക്കണക്കിന് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ബ്രഹ്മാണ്ഡ ചിത്രം വീണ്ടും നേരിടുന്നത് റിലീസ് പ്രതിസന്ധി തന്നെയാണ്. കോവിഡ് നൽകിയ പ്രഹരത്തിന് അല്പം ഇളവ് വന്നതിനെത്തുടർന്ന് നിയന്ത്രണങ്ങളോടെ തീയേറ്ററുകൾ തുറക്കാൻ സർക്കാരുകൾ അനുവദിച്ചതും പൊതുജനം തിയേറ്ററുകളിലേക്ക് എത്തിയതും മരക്കാറിന് വലിയ പ്രതീക്ഷയാണ് നൽകിയത്. നിലവിലെ അനുകൂല സാഹചര്യം പരിഗണിച്ച് മെയ് മാസം13ന് മരയ്ക്കാർ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ പ്രഖ്യാപിക്കുകയും ചെയ്തു.എന്നാൽ സിനിമാ മേഖല വീണ്ടും കടുത്ത പ്രതിസന്ധി നേരിടാനാണ് സാധ്യതയെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കോവിഡ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടത്തിലേക്ക് രാജ്യം വീണ്ടും കടന്നിരിക്കുകയാണ്. സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ലയെന്ന് പറയുമ്പോൾ തന്നെ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാനാണ് ഗവൺമെന്റിന്റെ തീരുമാനം. കടകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിരിക്കുന്നതിനാൽ വൈകാതെ തന്നെ തിയേറ്ററുകൾക്കും നിയന്ത്രണങ്ങൾ കൊണ്ടു വരാൻ സാധ്യതയുണ്ട്. ലോകവ്യാപകമായി നിരവധി തീയേറ്ററുകളിൽ റിലീസ് നിശ്ചയിച്ചിരിക്കുന്നതിനാൽ നിലവിലെ കോവിഡ് സാഹചര്യത്തിൽ ഇത് പ്രായോഗികമാണോ എന്ന് കണ്ടറിയണം. നീണ്ട നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ മരയ്ക്കാർ എത്തുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഏവർക്കും ഉള്ളത്. എത്ര വലിയ പ്രതിസന്ധി വന്നാലും ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്യില്ലയെന്ന് അണിയറപ്രവർത്തകർ നേരത്തെതന്നെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാമൂഹിക സാഹചര്യം കണക്കിലെടുക്കുമ്പോൾ മരക്കാറിന്റെ റിലീസിനെ ആശങ്കയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്.