48000 ടിക്കറ്റുകൾ; കൊച്ചി മൾട്ടിപ്ലക്സിൽ കോടികൾ വാരി മോഹൻലാൽ ചിത്രം നേര്
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ നേര് വൻ വിജയത്തോടെ തിയേറ്ററുകൾ നിറയ്ക്കുകയാണ്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ചിത്രത്തിൽ അനശ്വര രാജന്റെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസ ലഭിക്കുന്നുണ്ട്. ഈ അവസരത്തിൽ കൊച്ചി മൾട്ടിപ്ലക്സസിൽ നിന്നും മോഹൻലാൽ ചിത്രം നേടിയ കണക്കുകളാണ് പുറത്തുവരുന്നത്.
നേര് റിലീസ് ആയിട്ട് ഒരാഴ്ച പിന്നിട്ടു കഴിഞ്ഞു. ഇത്രയും ദിവസത്തെ കൊച്ചി മൾട്ടിപ്ലക്സസിലെ കണക്കാണ് പുറത്തുവന്നത്. ഏകദേശം 48000 ടിക്കറ്റുകളാണ് ഇവിടെ വിറ്റിരിക്കുന്നത്. കൂടാതെ 84% ഒക്യുപൻസിയും നേരിന് ലഭിച്ചു. ഇതിലൂടെ 1.20 കോടിയാണ് മൾട്ടിപ്ലക്സസിൽ നിന്നും സിനിമ നേടിയിരിക്കുന്നത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.
അതേസമയം, നേര് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ സ്ക്രീനുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ട്. 200 സ്ക്രീനുകളിൽ പ്രദർശനം തുടങ്ങിയ ചിത്രം രണ്ടാം ആഴ്ച 350 ഓളം സ്ക്രീനുകളിൽ പ്രദർശിപ്പിക്കും എന്നാണ് വിവരം. ഇതിന്റെ ഔദ്യോഗിക അപ്ഡേറ്റ് പുറത്തുവരാനുണ്ട്. ആദ്യദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന നേര് 24.5 കോടിയാണ് ആദ്യവാരം നേടിയിരിക്കുന്നത് എന്നാണ് അനലിസ്റ്റുകൾ പറയുന്നത്. 2023ൽ മോളിവുഡിലെ ഏറ്റവും വലിയ ഗ്രോസർ നേടുന്ന അഞ്ചാമത്തെ ചിത്രവും നേര് തന്നെ.