
വിസ്മയമൊരുക്കി മമ്മൂട്ടി; നന്‍പകല്‍ നേരത്ത് മയക്കം മൂന്നാം ദിവസ കളക്ഷന്‍ റിപ്പോര്‍ട്ട്
ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ജെയിംസ് എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ചപ്പള്‍ അത് പ്രേക്ഷകരെ തിയേറ്ററുകളില്‍ പിടിച്ചിരുത്തി.
ഇപ്പോള്‍ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തു വരുന്നത്. തിയേറ്ററില്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ ചിത്രം 1.76 കോടി നേടിയതായാണ് അനൗദ്യോഗിക കണക്കുകള്‍. മൂന്നാം ദിവസമായ ഇന്ന് 1.11 കോടി നേടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആദ്യ രണ്ട് ദിവസങ്ങളിലെ കളക്ഷന്‍ യഥാക്രമം 0.93 കോടിയും 0.83 കോടിയും ആണ്. രണ്ടാം ദിവസത്തെ കളക്ഷന്‍ ആദ്യത്തെതിനേക്കാള്‍ 10.75 ശതമാനം കുറവാണ്. എന്നാല്‍ മൂന്നാം ദിനം മെച്ചപ്പെട്ട കളക്ഷന്‍ ചിത്രത്തിനുണ്ട്.
അതേസമയം, ചിത്രത്തിന്റെ തമിഴ് റിലീസും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ജനുവരി 26-നാണ് ചിത്രം തമിഴ് റിലീസായി എത്തുക. കഥയ്ക്ക് തമിഴ് ബന്ധം ഉള്ളതുകൊണ്ട് തന്നെ, തമിഴര്‍ക്ക് തമിഴ് സിനിമയായിട്ടും മലയാളികള്‍ക്ക് മലയാളം സിനിമയായും ഒരേസമയം കാണാന്‍ കഴിയുന്ന തരത്തിലാണ് ചിത്രത്തെ പ്ലെയ്സ് ചെയ്തിരിക്കുന്നത് എന്ന് ലിജോ ജോസ് പെല്ലിശ്ശേരി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തെ കുറിച്ച് ദുല്‍ഖര്‍ സല്മാന് പരഞ്ഞ വാക്കുകളും വൈറലായിരുന്നു. ‘വിചിത്രവും മാന്ത്രികവുമായ കഥപറച്ചിലും ഹൃദയസ്പര്‍ശിയായ പ്രകടനങ്ങളുമായി നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളില്‍. ഏറ്റവും മനോഹരമായ റിവ്യുകള്‍ കേള്‍ക്കുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം സിനിമ കാണുക, നിങ്ങളുടെ ചിന്തകള്‍ പങ്കിടുക’, എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.