2022 ചലച്ചിത്ര മേളയിലെ ജനപ്രിയ ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ ; മമ്മൂട്ടി- ലിജോ ജോസ് ചിത്രത്തിന് ആദരം
രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച അഭിപ്രായമാണ് നേടിയത്. ലിജോ ജോസിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണിതെന്നും മമ്മൂട്ടിയുടെ പ്രകടനം അതിനോഹരമാണെന്നും ഡെലിഗേറ്റുകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരായിരുന്നു രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രം മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച പ്രേക്ഷക പുരസ്കാരം ലിജോ ജോസ് പെല്ലിശേരി ചിത്രം നന്‍പകല്‍ നേരത്തെ മയക്കത്തിനാണ് ലഭിച്ചത്.
അതേസമയം നന്‍പകല്‍ നേരത്ത് മയക്കത്തിന് തിയറ്റര്‍ റിലീസ് ഉണ്ടാവും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണവും. ഈ കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചിത്രത്തിന് തിയറ്റര്‍ റിലീസ് ഉണ്ടാവുമെന്ന അറിയിപ്പ് എത്തിയത്. ഉടന്‍ എത്തും എന്നല്ലാതെ റിലീസ് തീയതി സംബന്ധിച്ച അറിയിപ്പ് എത്തിയിട്ടില്ല. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ കഥ ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വറിന്റേതാണ് ഛായാഗ്രഹണം.
മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ നിര്‍മ്മാണം. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യന്, അശോകന്, വിപിന്‍ അറ്റ്ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘അമര’ത്തിനു ശേഷം അശോകന് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. എസ് ഹരീഷാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.
2021ല്‍ വര്‍ഷം നവംബര്‍ 7ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു ‘നന്‍പകല്‍ നേരത്ത് മയക്കത്തി’ന്റെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ചിത്രത്തിനുവേണ്ടി കെ പി മുരളീധരന് വരച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍.