ദിലീപ് നിരപരാധിയാണെന്ന പരാമര്‍ശം ; ആര്. ശ്രീലേഖയെ പരസ്യമായി വെല്ലുവിളിച്ച് നികേഷ് കുമാര്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധി ആണെന്ന മുന്‍ ജയില്‍ മേധാവി ആര് ശ്രീലേഖയുടെ പരാമാര്‍ശത്തില്‍ വന്‍ വിവാദങ്ങളാണ് ഉയരുന്നത്. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകള്‍ എല്ലാം വ്യാജമാണെന്നായിരുന്നു ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവര്‍ ലോക്കേഷനില്‍ വന്നിരുന്നു എന്നത് വിശ്വാസ്യ യോഗ്യമല്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ വിവാദമായ ഈ വീഡിയോ പുറത്തുവിട്ടത്.
ഇപ്പോഴിതാ ശ്രീലേഖയെ വെല്ലുവിളിച്ച് മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് ഡയറക്ടറുമായ എം.വി. നികേഷ് കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. യൂട്യൂബില്‍ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ ഒരു തത്സമയ അഭിമുഖത്തിന് തയ്യാറാണോ എന്നാണ് നികേഷ് കുമാര്‍ തന്റെ ട്വിറ്ററിലൂടെ വെല്ലുവിളിച്ചിരിക്കുന്നത്. ശ്രീലേഖ യൂട്യൂബ് വെളിപ്പെടുത്തല്‍, ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നിങ്ങള്‍ പറയുന്ന സ്ഥലം, സമയം, തീയതി. പറയുന്നത് മുഴുവന്‍ തത്സമയം സംപ്രേഷണം ചെയ്യും. ടി.വിയിലും സോഷ്യല്‍ മീഡിയയിലും എന്നാണ് നികേഷ് കുമാര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ശ്രീലേഖ യു ട്യൂബ് വെളിപ്പെടുത്തൽ ദൃശ്യമാധ്യമങ്ങൾ ചർച്ച ചെയ്യുന്നു . ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം ? നിങ്ങൾ പറയുന്ന സ്ഥലം , സമയം തീയതി . പറയുന്നത് മുഴുവൻ തത്സമയം സംപ്രേഷണം ചെയ്യും . ടിവിയിലും സോഷ്യൽ മീഡിയയിലും
— M V Nikesh Kumar (@mvnikeshkumar) July 11, 2022
ദിലീപിന് തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും ജയിലില്‍ നിന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ലെന്നും സഹ തടവുകാരനാണെന്നും അദ്ദേഹത്തിന്റെ പേരുള്‍പ്പടെയാണ് ശ്രീലേഖ പറയുന്നത്. പോലീസുകാര്‍ പറഞ്ഞിട്ടാണ് വിപിന്‍ എന്ന സഹ തടവുകാരന് കത്തെഴുതിയതെന്ന് വിപിന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു.
ദിലീപ് മറ്റൊരാളുടെ കൂടെ നില്ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്ക്കുന്ന ഫോട്ടോഷോപ്പ് ചെയ്തതാണെന്നും പോലീസ് ഉദ്യോഗസ്ഥന് ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും താന്‍ പറയുന്നത് വിശ്വസിക്കാന്‍ പറ്റുന്നവര്‍ വിശ്വസിച്ചാല്‍ മതിയെന്നും ദിലീപിന് ശിക്ഷ നല്കാന് ഒരു തെളിവും കിട്ടാതെ വന്നപ്പോള്‍ ഗൂഡാലോചന എന്ന പേരും പറഞ്ഞ് പുതിയ കേസ് ഉയര്‍ത്തികൊണ്ട് വന്നതെന്നും ശ്രീലേഖ വീഡിയോയില്‍ വ്യക്തമാക്കുന്നു.