‘ലൂസിഫര്‍’ എഴുതുമ്പോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള് ഇത്ര വേഗം പതിക്കുമെന്ന് കരുതിയില്ല’; മുരളി ഗോപി
മലയാളത്തിലെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി നടന് പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മയക്ക് മരുന്ന് മാഫിയയുടെ കാണാപ്പുറങ്ങളിലേക്കും വെളിച്ചം വീശുന്ന സിനിമ കൂടിയായിരുന്നു ലൂസിഫര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ പല കോര്‍പ്പറേറ്റ് ഭീമന്മാരില് നിന്നും ഫണ്ട് വാങ്ങാറുണ്ടെങ്കിലും മയക്കുമരുന്ന് മാഫിയകളില്‍ നിന്നുള്ള ഫണ്ടിനായി കൈ നീട്ടുമെന്നോ അവരുമായി കൂട്ടുചേരുമെന്നോ സിനിമ പറഞ്ഞുവയ്ക്കുന്നത് ഒരുപക്ഷേ വലിയൊരു അതിശയോക്തിയായി നിലനില്ക്കുന്നു. മോഹന്‍ലാല്‍ എന്ന നടന്റെ സമീപകാല സിനിമകളിലെ മാസ് എന്‍ട്രിയായിരുന്നു സിനിമ. ‘ബോബി’ എന്ന വില്ലന്‍ കഥാപാത്രമായിരുന്നു ചിത്രത്തില്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയത്. വിവേക് ഒബ്റോയ്യിയായിരുന്നു ചിത്രത്തില്‍ ‘ബോബി’യെ അവതരിപ്പിച്ചത്. ‘സ്റ്റീഫന്‍ നെടുമ്പള്ളി’ എന്ന നായക കഥാപാത്രം മയക്കമരുന്ന് ഇടപാടിന് എതിരെ ‘ബോബി’ക്ക് മുന്നറിയിപ്പ് നല്കുന്ന രംഗം ചിത്രത്തില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു.
ഇപ്പോഴിതാ മയക്കുമരുന്ന് എന്ന വിപത്ത് ജനങ്ങള്‍ക്ക് മേല്‍ പതിച്ചു കഴിഞ്ഞെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. ‘2018ല്‍ ‘ലൂസിഫര്‍’ എഴുതുമ്പോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള്, 5 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന്, അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും, മുന്‍ വാതില്‍ അടച്ചിട്ട് പിന് വാതില്‍ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത മാരക രാസങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.’ എന്നായിരുന്നു മുരളി ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ ആയിരുന്നു ലൂസിഫര്‍. സംവിധാനത്തിലേക്കുള്ള ചുവടുവെപ്പ് സിനിമയിലൂടെ പൃഥിരാജ് അടയാളപ്പെടുത്തി. നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ലൂസിഫര്‍. മഞ്ജു വാര്യര്‍, സാനിയ ഇയപ്പന്‍, ടൊവിനോ തോമസ്, വിവേക് ഒബ്റോയ് തുടങ്ങി വന്താര നിരയാണ് സിനിമയില്‍ അണിനിരന്നത്. മോഹന്‍ലാല്‍-പൃഥിരാജ് എന്ന ഹിറ്റ് കോംബോയും മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ലൂസിഫര്‍ ആണ്. മലയാളത്തിലും വന്‍ കലക്ഷന്‍ സിനിമ നേടി. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായി ‘എമ്പുരാന്’ എന്ന ചിത്രവും മുരളി ഗോപിയുടെ തിരക്കഥയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.