‘പത്താനിലെ ഗാനം ഹിന്ദു മതത്തിന് നേരെയുള്ള ആക്രമണം; ഇതൊന്നും സെന്‍സര്‍ബോര്‍ഡ് കാണുന്നില്ലേ’ ? തുറന്നടിച്ച് നടന്‍ മുകേഷ് ഖന്ന
ഷാരൂഖാന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തയാണ് ദിവസങ്ങളില്‍ നിന്നും പുറത്തു വരുന്നത്. പത്താന്‍ എന്ന ചിത്രത്തിന് തുടക്കത്തില്‍ തന്നെ ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരിക്കുകയാണ്. അതും ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പേരില്‍. സിനിമയിലെ ‘ബേഷരം റംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പ്രതിഷേധം. വീര്‍ ശിവജി എന്ന സംഘടന അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലങ്ങള്‍ കത്തിച്ച് പ്രതിഷേധം നടത്തിയിരുന്നു. ഗാനത്തിന്റെ ഒരു രംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് ഈ സംഘടനയുടെ ആരോപണം. വീര്‍ ശിവജി അംഗങ്ങള്‍ കോലം കത്തിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ജനുവരിയില്‍ തിയേറ്ററില്‍ എത്താനിരിക്കുന്ന സിനിമ ബഹിഷ്‌കരിക്കുമെന്നും ഇവര്‍ അറിയിച്ചു.
ഇപ്പോഴിതാ നടന്‍ മുകേഷ് ഖന്നയും (പഴയ ശക്തിമാന്‍ താരം) പത്താനിലെ പാട്ടിനെതിരെ രംഗത്തെത്ത് എത്തിയിരിക്കുകയാണ്. ‘ബേഷാരം രംഗ്’ എന്ന ഗാനം ഹിന്ദു മതത്തിനെതിരായ ആക്രമണമാണെന്നാണ് നടന്റെ ആരോപണം. പാട്ടിലെ പ്രധാന പ്രശ്‌നം ‘അശ്ലീലത’ ആണെന്നും ഖന്ന പറഞ്ഞു. ഇത്തരം പാട്ടുകളാണ് ബോളിവുഡിനെ പ്രതിസന്ധിയിലാക്കുന്നത് എന്നും ഖന്ന തുറന്നടിച്ചു.
കൂടാതെ, സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെയും മുകേഷ് ഖന്ന ആരോപണം ഉന്നയിച്ചു. നമ്മുടെ രാജ്യം സ്‌പെയിനോ സ്വീഡനോ അല്ല, എല്ലാം അനുവദിക്കുന്ന ഒരു രാജ്യമല്ല. ഇത്രയും പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ നിങ്ങള്‍ ആദ്യം അവതരിപ്പിക്കും, അടുത്തതായി നിങ്ങള്‍ അവരെ വസ്ത്രമില്ലാതെ അവതരിപ്പിക്കും’. ഹിന്ദു മതത്തിന് നേരെയുള്ള ഈ ആക്രമണങ്ങളെല്ലാം സെന്‍സര്‍ബോര്‍ഡ് കാണുന്നില്ലേ? എന്നായിരുന്നു ഖന്നയുടെ ചോദ്യം.
സിനിമകള്‍ ആരുടെയും വ്യക്തിപരമായ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ജോലി. യുവാക്കളെ വഴിതെറ്റിക്കുന്നതായ സിനിമകള്‍ സെന്‍സര്‍ കടമ്പ കടക്കരുത്. ഈ ഗാനത്തിന് യുവാക്കളുടെ മനസ്സ് മോശമാക്കാന്‍ കഴിയും, ഇത് ഒടിടിക്ക് വേണ്ടി ഉണ്ടാക്കിയ പാട്ടല്ല, സിനിമയാണ്. സെന്‍സര്‍ എങ്ങനെ അത് പാസാക്കും? ബോധപൂര്‍വമായ പ്രകോപനപരമായ വസ്ത്രധാരണം അവര്‍ കണ്ടില്ലേ? – മുകേഷ് ഖന്ന ആരോപണം ഉന്നയിക്കുന്നു.