‘കൊച്ചിയും മമ്മൂട്ടിയും!!’ ആവർത്തന വിരസത വരാതെ വ്യത്യസ്തതകൾ പുലർത്തുന്ന മമ്മൂട്ടിയുടെ കൊച്ചിക്കാരൻ കഥാപാത്രങ്ങൾ അറിയാം
ഒരു മലയാള ചലച്ചിത്രം പുറത്തിറങ്ങി കഴിഞ്ഞാൽ അതിൻറെ തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ കാര്യങ്ങളും വളരെയധികം സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണ് ഇന്നത്തെ സിനിമ പ്രേമികൾ. അതുകൊണ്ട് തന്നെ നല്ല രീതിയിലുള്ള സിനിമ നിരൂപണങ്ങളും ഇന്ന് പുറത്ത് വരാറുണ്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കഥാപശ്ചാത്തലം ആയി വന്നിരിക്കുന്ന സ്ഥലം ഏതാണെന്ന് ചോദിച്ചാൽ അത് ഒരുപക്ഷേ കൊച്ചി തന്നെയായിരിക്കും. കൊച്ചി കേന്ദ്രകഥാപാത്രമായി വരുന്ന നിരവധി ചിത്രങ്ങൾ ഇതിനോടകം മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മമ്മൂട്ടി ചിത്രങ്ങൾ തന്നെയാണ്.
വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും അവതരണത്തിലും മമ്മൂട്ടി ഓരോ കഥാപാത്രങ്ങളെയും കൊച്ചിയുടെ പല ഭാഗങ്ങളിൽ നിന്ന് അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്. ബ്ലാക്ക്, ബിഗ് ബി, ഗ്യാങ്സ്റ്റർ, ബെസ്റ്റ് ആക്ടർ, മംഗ്ലീഷ്, ഭീഷ്മപര്വ്വം എന്നീ ചിത്രങ്ങൾ അവയിൽ ചിലത് മാത്രമാണ്. ഒറ്റനോട്ടത്തിൽ ഏറെ വ്യത്യസ്തതകൾ ഉള്ളതും എന്നാൽ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ആഴത്തിൽ സാമ്യതകൾ പ്രകടമാക്കുന്നവയും ആണ് ഈ ചിത്രങ്ങളിൽ അധികവും. കൊച്ചി കേന്ദ്രമാക്കി വരുന്നതുകൊണ്ട് ആകാം ഒരുപക്ഷേ ഈ ചിത്രങ്ങളുടെ എല്ലാം പൊതുവായ ഘടകങ്ങൾ എന്നും സിനിമാപ്രേമികളെ ആകർഷിച്ചിട്ടുള്ളവയാണ്. ഗുണ്ടായിസം പശ്ചാത്തലമായി വരുന്നവയാണ് ഈ ചിത്രങ്ങൾ ഭൂരിഭാഗവും.
മാത്രവുമല്ല ചിത്രങ്ങളുടെ ബിജിഎം, കഥാപാത്രങ്ങളുടെ സ്റ്റൈലിഷ് വേഷവിധാനങ്ങൾ, മാസ്സ് ഡയലോഗുകൾ, ഇമോഷൻ രംഗങ്ങൾ എന്നിവയൊക്കെ വളരെ പെട്ടെന്ന് തന്നെ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നുമുണ്ട്. ബ്ലാക്ക്, ബിഗ് ബി, ഭീഷ്മപർവ്വം എന്നീ മൂന്ന് കാലഘട്ടത്തിൽ ഇറങ്ങിയ സിനിമകൾ പരിശോധിക്കുകയാണെങ്കിൽ മുൻപ് പറഞ്ഞ ചില സാമ്യതകൾ ഈ ചിത്രങ്ങളിലും കാണാൻ സാധിക്കും. കലൂർ, എറണാകുളം നോർത്ത്, ഹൈക്കോർട്ട്, പാലാരിവട്ടം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ചിത്രമാണ് ബ്ലാക്ക് എന്ന് പറയുന്നത്.
ചിത്രത്തിൽ ഗുണ്ടായിസം കാണിച്ചു നടന്ന ഒരു പോലീസുകാരൻ ഷണ്മുഖൻ ആയാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അതിവേഗത്തിലുള്ള ഡയലോഗുകൾ ആണ് ചിത്രത്തിൽ മമ്മൂട്ടി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ സാധാരണക്കാർ പറയുന്ന ഇത്തരം ഡയലോഗുകൾ വളരെ പെട്ടെന്ന് തന്നെ ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയുണ്ടായി. തോപ്പുംപടി,ഇട കൊച്ചി, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള ബിഗ് ബിയിലെ ബിലാലിന്റെ ജീവിതം വളരെ മന്ദഗതിയിലുള്ള ഉള്ള സംഭാഷണങ്ങളിലൂടെ കടന്നു പോകുന്നവയാണ്. എന്നാൽ ബ്ലാക്കിൽ നിന്നും ബിഗ് ബിയിൽ നിന്നും വ്യത്യസ്തമായ ഒരു കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ഭീഷ്മപർവ്വം എന്ന ചിത്രം പള്ളുരുത്തി, കണ്ണമാലി, കുമ്പളങ്ങി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
ചിത്രത്തിലെ മൈക്കിളപ്പൻ എന്ന കഥാപാത്രത്തിൻറെ ലുക്കും ഭാഷയും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തു. ബ്ലാക്ക് എന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ഇണങ്ങിയ വേഷവിധാനം ആയി മമ്മൂട്ടി എത്തിയപ്പോൾ ബിഗ് ബിയിൽ കുറച്ച് ലുക്കുള്ള സ്റ്റൈലിഷ് വേഷവുമായി ആണ് ബിലാൽ എത്തിയത്. മുടി നീട്ടി വളർത്തി കുർത്തയും മുണ്ടും ധരിച്ച് ഗൃഹനാഥൻ ലുക്കിലാണ് മൈക്കിളപ്പൻ പ്രത്യക്ഷപ്പെട്ടത്. ഭയം എന്ന വികാരം ആണ് ഈ മൂന്ന് ചിത്രങ്ങളിലും കഥാപാത്രങ്ങളെ ജീവിതത്തിൽ മുൻപോട്ട് നയിക്കുന്നത് എന്ന പ്രത്യേകതയും ചൂണ്ടിക്കാണിക്കുവാൻ കഴിയും.