‘തിലകനേക്കാള്‍ മികച്ചൊരു നടനെ ഇനിയും കണ്ടുമുട്ടേണ്ടിയിരിക്കുന്നു’ ; ജിതേഷ് മംഗലത്തിന്റെ കുറിപ്പ് ശ്രദ്ധനേടുന്നു
1 min read

‘തിലകനേക്കാള്‍ മികച്ചൊരു നടനെ ഇനിയും കണ്ടുമുട്ടേണ്ടിയിരിക്കുന്നു’ ; ജിതേഷ് മംഗലത്തിന്റെ കുറിപ്പ് ശ്രദ്ധനേടുന്നു

നായകന്‍ എന്ന ഔദ്യോഗിക പ്രതിഷ്ഠ പേറാതെ തന്നെ സിനിമകളില്‍ യഥാര്‍ഥ നായകനായി തിളങ്ങുകയും പ്രേക്ഷകരുടെ മനസില്‍ ഇടം നേടുകയും ചെയ്ത മലയാള സിനിമയുടെ പെരുന്തച്ചന്‍ ആണ് നടന്‍ തിലകന്‍. നടനത്തില്‍ പൂര്‍ണത എന്ന വാക്ക് പലപ്പോഴും ഓര്‍മ്മപ്പെടുത്തുന്നത് സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളാണ്. അഭിനയിച്ച ചിത്രങ്ങളില്‍ കഥാപാത്രമേതായാലും അദ്ദേഹം ഫ്രെയിമില്‍ നിറഞ്ഞ് നില്‍ക്കാറുണ്ടായിരുന്നു. മലയാളി ജീവിച്ചിരിക്കുന്നിടത്തോളം കാലം ഓര്‍ത്തിരിക്കാന്‍ ഒട്ടനവധി കഥാപാത്രങ്ങളെ ബാക്കിയാക്കിയ തിലകന്‍ ഇന്നും പ്രേക്ഷകരുടെ മനസ്സിലെ നിറസാന്നിധ്യമാണ്.

ഗൗരവക്കാരനായ കഥാപാത്രങ്ങളില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ സ്വതസിദ്ധമായ ശൈലിയില്‍ തമാശകള്‍ പറഞ്ഞ് അദ്ദേഹം മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്. മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ തിലകന്റെ കഥാപാത്രവും ഡയലോഗുകളും ഇന്നത്തെ തലമുറയിലുള്ളവരെ പോലും ചിരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തിലകന് കോമഡി അത്രമേല്‍ സ്വാഭാവികമായി വരുന്ന ഒന്നല്ല എന്ന് തോന്നുന്നത് സത്യത്തില്‍ നമ്മുടെ ഭാവ സങ്കല്‍പങ്ങളുടെ പ്രശ്‌നം കൊണ്ടായിരിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തിരക്കഥാ സങ്കേതം എന്ന ഗ്രൂപ്പിലാണ് ജിതേഷ് മംഗലത്ത് എഴുതിയ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നമുക്കെപ്പോഴാണ് ഒരു അഭിനേതാവ് മികച്ച് കോമേഡിയനായി അനുഭവപ്പെടാറ് എന്ന ചോദ്യത്തിലൂടെയാണ് കുറിപ്പ് തുടങ്ങുന്നത്.

ജഗതി ശ്രീകുമാര്‍,മാമുക്കോയ, കുതിരവട്ടം പപ്പു,ശങ്കരാടി, ഇന്നസെന്റ്, മോഹന്‍ലാല്‍, മുകേഷ്, ശ്രീനിവാസന്‍ എന്നിങ്ങനെ ചിരിപ്പിച്ചവരുടെ ലിസ്റ്റ് അറ്റമില്ലാതെ നീങ്ങുമ്പോഴും അതിലൊക്കെ കാണുന്ന ഒരു സാമ്യത ഹ്യൂമര്‍ ഉല്‍പാദിപ്പിക്കുന്നതിന്റെ ശൈലിയാണ്. ഉദാഹരണത്തിന് റാംജിറാവു സ്പീക്കിംഗില്‍ ദേഹം മൊത്തമിളക്കിക്കൊണ്ടുള്ള മുകേഷിന്റെ ഒരു പെര്‍ഫോമന്‍സുണ്ട്. അല്ലെങ്കില്‍ വെള്ളാനകളുടെ നാട്ടിലെയോ, ഏയ് ഓട്ടോയിലെയോ പപ്പുവിന്റെ പ്രകടനം. ശരീരം കൃത്യമായി ഉപയോഗിച്ചു കൊണ്ടുള്ള ഹ്യൂമറാണ് അവിടെ വര്‍ക്ക് ഔട്ടാവുന്നത്. അതേ സമയം തന്നെ മോഹന്‍ലാലും, ജഗതിയുമൊക്കെ പല തവണ കാണിച്ചു തന്നിട്ടുള്ള സട്ടിലായ ചില കോമിക് നിമിഷങ്ങളുണ്ട്. അവയിലും മുഖത്തെ പേശീചലനങ്ങളാല്‍ ജന്യമാകുന്ന ഹാസ്യമാണ് നമ്മെ പൊട്ടിച്ചിരിപ്പിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

മേല്‍പ്പറഞ്ഞ നടന്മാരൊക്കെത്തന്നെയും ഹാസ്യ രംഗങ്ങളിലെ ഫ്‌ളെക്‌സിബിളിറ്റിക്ക് പേരു കേട്ടവരാണ്. എന്നാല്‍ അതേ ശ്രണിയില്‍ ഇരുത്താന്‍ യോഗ്യതയുള്ള നടനാണ് തിലകന്‍ എന്ന് വ്യക്തിപരമായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഗൗരവഭാവത്തിലുള്ള സംഭാഷണങ്ങളും, മൂളലുകളുമൊക്കെ നമ്മെ ചിരിപ്പിക്കുന്നത് കേവലം വിരുദ്ധോക്തി ജനകമായ ഹാസ്യമല്ല എന്നാണെന്റെ പക്ഷം. വലിയ മീശ വെച്ച് കരയുന്ന പറവൂര്‍ ഭരതന്റെ കഥാപാത്രത്തെ ഇന്നസെന്റ് മഴവില്‍ക്കാവടിയില്‍ ശകാരിക്കുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹാസ്യമല്ല തിലകന്റെ കാര്യത്തില്‍ പലപ്പോഴും സംഭവിക്കുന്നത്. മറ്റെല്ലാ ഭാവങ്ങളെയും പോലെ അത്രമേല്‍ സ്വകീയമായി അയാളില്‍ സംഭവിക്കുന്നതാണ് ഹാസ്യവും. മുഖം കൊണ്ടോ, ശരീരം കൊണ്ടോ ഉള്ള ചേഷ്ടകള്‍ മിക്കപ്പോഴും അയാളതിന് ഉപയോഗിക്കാറില്ല എന്നു മാത്രം.

കിലുക്കത്തിലെ ജസ്റ്റിസിന്റെ കഥാപാത്രമെടുത്താല്‍ കഥയിലൊരിടത്തും അയാളൊരു തമാശയുല്‍പ്പാദിപ്പിക്കുന്ന പ്രതീതി നല്‍കുന്നില്ല. എന്നാല്‍ അയാളുടെ ഗൗരവം തന്നെയാണ് കോമഡിയായി മാറുന്നത്. നെടുമുടി വേണുവോ, അല്ലെങ്കില്‍ മുരളിയോ ആണ് ഈ വേഷമവതരിപ്പിച്ചിരുന്നത് എന്നു സങ്കല്‍പ്പിച്ചു നോക്കിയാല്‍ മനസ്സിലാവും അതിന്റെ ആഴവും പരപ്പും. തിലകനും രേവതിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ നല്‍കുന്ന ഹാസ്യ സുഖം പലപ്പോഴും എന്നെ അല്‍ഭുതപ്പെടുത്താറുണ്ട്. ഇരുവരും നമ്മുടെ മാമൂല്‍ ഹാസ്യാഭിനയ സങ്കല്‍പ്പത്തിന് ഒത്തുപോകാത്തവരായതു കൊണ്ട് പ്രത്യേകിച്ചും.ഏതോ ഇംഗ്ലീഷ് നോവല്‍ വായിച്ചു കിടക്കുന്ന തിലകന്‍, രേവതിയുടെ കാലടി ശബ്ദം കേട്ട് ഞെട്ടുന്നത്, വിശപ്പു സഹിക്കാന്‍ വയ്യാതെ കിടക്കയില്‍ കിടന്നുരുളുന്നത്, മീശയെവിടെ എന്നു ചോദിക്കുന്നത്. അവിടെയൊക്കെ സത്യത്തില്‍ തിലകന്‍ സ്‌കോര്‍ ചെയ്യുന്നത് വെറും കോണ്‍ട്രഡിക്ഷന്‍ കൊണ്ടു മാത്രമല്ല. മറിച്ച് അയാള്‍ വളരെ ബുദ്ധിപൂര്‍വ്വമായി അഭിനയസങ്കേതത്തില്‍ കൊണ്ടുവരുന്ന സ്മൂത്ത്‌നെസ്സ് കൊണ്ടു കൂടിയാണ്. മിന്നാരത്തിലെ ഡാഡി പലപ്പോഴും കിലുക്കത്തിലെ ജസ്റ്റിസിന്റെ ഒരു എക്സ്റ്റന്‍ഡഡ് വേര്‍ഷനായാണ് എനിക്ക് തോന്നാറുള്ളതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

മോഹന്‍ലാല്‍, മുകേഷ്, ശ്രീനിവാസന്‍, നെടുമുടി വേണു, കുതിരവട്ടം പപ്പു, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ശങ്കരാടി തുടങ്ങി വിന്റേജ് പ്രിയദര്‍ശന്‍ സിനിമകളിലെ സോ കോള്‍ഡ് തമാശ നടന്‍മാരുടെ കൂടെ കുറെയധികം ചിത്രങ്ങള്‍ തിലകനെപ്പോലൊരു സീരിയസ് ആക്ടര്‍ ചെയ്തു എന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്നും അരം + അരം = കിന്നരമൊക്കെ അത്തരമൊരു ചിത്രമായിരുന്നുവെന്നും പറയുന്നു. അനന്തന്‍ നമ്പ്യാര്‍, ദാസനും വിജയനുമൊപ്പം ഐതിഹാസിക മാനങ്ങളുള്ള കഥാപാത്രമായി മാറിയത് തിലകനെന്ന മഹാനടന്റെ അമ്പരപ്പിക്കുന്ന കോമഡി ടൈമിംഗ് കൊണ്ടു മാത്രമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ടെറിഫിക്കെന്ന് ഏതര്‍ത്ഥത്തിലും വിശേഷിപ്പിക്കാവുന്ന ഒരു പെര്‍ഫോമന്‍സായിരുന്നു അയാള്‍ നാടോടിക്കാറ്റിലും, പട്ടണപ്രവേശത്തിലും കാഴ്ച്ച വെച്ചത്. ഭയമെന്ന വികാരത്തിന് അടിപ്പെട്ട് ജീവിക്കുന്ന അധോലോക നായകൻ വല്ലാത്തൊരു ഹ്യൂമർ സബ്ജക്ടായിരുന്നെങ്കിൽ ചെറിയ ചെറിയ ശരീര ചലനങ്ങളാലും, ശബ്ദനിയന്ത്രണത്തിന്റെ അപൂർവ്വ സാധ്യതകളാലും തിലകനതിനെ അനശ്വരമാക്കി.വേഗതയേറിയ ചലനങ്ങളല്ല നാടോടിക്കാറ്റിൽ തിലകന്റെ കോമഡി രംഗങ്ങളിൽ ദൃശ്യമാകുന്നതെന്ന് ഓർത്തെടുത്താൽ മനസ്സിലാകും. കസേര പതുക്കെ പിന്നിലേക്കു പോയി ചുമരിൽ തട്ടുന്നത്, ജോണി വന്ന് ദാസന്റേയും,വിജയന്റേയും കഥ പറയുമ്പോൾ കഴുത്ത് പതുക്കെ തിരിഞ്ഞു വരുന്നത് എന്നിങ്ങനെ ആ സിനിമയിൽ തിലകന്റെ രംഗങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹാസ്യം മുഴുവൻ അത്രമേൽ സാവധാനമായ ശരീരചലനങ്ങളാലാണ്.അതോടൊപ്പം ആ പരുക്കൻ ശബ്ദത്തിൽ, അവധാനപൂർണ്ണതയോടെ വരുന്ന ” ഓ മൈ ഗോഡ് ” കൂടിയാകുന്നതോടെ അനന്തൻ നമ്പ്യാർ ഒരു കൾട്ട് ഹ്യൂമർ എലമെന്റായി മാറുന്നു.പട്ടണപ്രവേശത്തിൽ എത്തുമ്പോൾ ഡയലക്ട് ഹ്യൂമറിന് പ്രാധാന്യം കൊടുക്കുന്ന തിലകൻ ശൈലി കാണാം. പ്രഭാകരാ എന്ന വിളിയൊക്കെ അതിന്റെ ഹിലാരിയസ് എപ്പിടോമാണ്. ഏറെക്കുറെ സമാന ശൈലിയിലാണ് സന്മനസുള്ളവർക്ക് സമാധാനത്തിലെ ദാമോദർജിയും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഡയലക്ട് ഹ്യൂമറിന്റെ മറ്റൊരു സാധ്യത സന്ദേശത്തിലെ “അപ്പടിയാ” യിലും കാണാം.

തിലകന്റെ ഗൗരവം സൃഷ്ടിക്കുന്ന കോമഡി കഥാപാത്രങ്ങൾക്കിടയിൽ സ്വന്തമായ അസ്തിത്വം ഉള്ള ഒരു കഥാപാത്രമാണ് മൂക്കില്ലാരാജ്യത്തിലേത്. എല്ലാ അർത്ഥത്തിലും അയാളിലെ കൊമേഡിയൻ ‘അഴിഞ്ഞാടിയ’ ഒരു വേഷം കൂടിയാണത്. ഒരുപാട് ആഘോഷിക്കപ്പെട്ടിട്ടുള്ള ആ വിദേശവസ്ത്രബഹിഷ്കരണ പ്രസംഗത്തോളമോ,ഒരു പക്ഷേ അതിനേക്കാളേറെയോ ഞാൻ ആസ്വദിക്കാറുള്ളത് അതിനു മുമ്പുള്ള അയാളുടെ ചില സൂക്ഷ്മ ചലനങ്ങളാണ്.ആ ബൊക്കെ വാങ്ങിയതിനു ശേഷമുള്ള അയാളുടെ ചലനങ്ങൾ അന്യാദൃശങ്ങളാണ്.വേദിയിലേക്ക് ഒരു നടത്തമുണ്ട്,ക്ഷണിക്കപ്പെടാത്ത വേദിയായിട്ടും ഒരു കൂസലുമില്ലാതെ കസേരയിൽ കാലിൻമേൽ കാലും കേറ്റി വെച്ച് ഒരിരുത്തമുണ്ട്,ബൊക്കെ അതിനു മുമ്പത്തെ പ്രാസംഗികനു കൊടുത്ത് മൈക്ക് പിടിച്ചു വാങ്ങുന്ന ഒരു ശൈലിയുണ്ട്, പിന്നെ ഒരു തരത്തിലും അനുകരിക്കാനാവാത്ത ആ പ്രസംഗവും. തിലകൻ ഇത്രത്തോളം പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള മറ്റൊരു സിനിമയുണ്ടാവുമോ എന്ന് സംശയമാണ്. ശരീരത്തിന്റെയും പ്രായത്തിന്റെയും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ തന്റെ ശരീരത്തെ ഒരു കഥാപാത്രമായി പ്രതിഷ്ഠിക്കാനും, അത് കാണിയുടെ മനസ്സില്‍ അതേപടി തന്നെ എസ്റ്റാബ്ലിഷ് ചെയ്യാനുമുള്ള ഒരു അത്യപൂര്‍വ്വമായ സിദ്ധി തിലകനുണ്ടായിരുന്നുവെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.