“ഒരു നല്ല മോഹൻലാൽ സിനിമ ആസ്വദിച്ചിട്ട് 3 വർഷമായി” എന്ന് ആരാധകന്റെ കുറിപ്പ്, വൈറൽ
മലയാള സിനിമയില്‍ കോടികിലുക്കത്തിന്റെ താരരാജാവായി ഇരിപ്പിടം ഉറപ്പിച്ച താരമാണ് മോഹന്‍ലാല്‍. തെന്നിന്ത്യന്‍ സിനിമാലോകത്തെ കിരീടമില്ലാത്ത രാജാവിന് ഇന്നും ആരാധകര്‍ ഏറെയാണ്. ആരാധകരെ സന്തോഷിപ്പിക്കാനായി താരം നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഒരു ആരാധകന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിന്റെ ഒരു നല്ല സിനിമ ആസ്വദിച്ചിട്ട് മൂന്ന് വര്‍ഷമായെന്നും മോഹന്‍ലാല്‍ എന്ന നടനെ കോമാളി ആക്കാത്ത മോഹന്‍ലാല്‍ എന്ന നടനെ ചുഷണം ചെയ്യുന്ന ഒരു സിനിമക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.
ഞാന്‍ എന്ന പ്രേക്ഷകന് മനസ് നിറഞ്ഞ് കയ്യടിച്ച് ആഘോഷമാക്കിയ ഒരു മോഹന്‍ലാല്‍ സിനിമ ഒരെണ്ണം ലൂസിഫറായിരുന്നു. അതിന് ശേഷം അങ്ങനൊരു സിനിമ ഇറങ്ങിയിട്ട് മൂന്ന് വര്‍ഷം ആവുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ നടന് പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭം, മോഹന്‍ലാലിന്റെ മാസ്സ് ലുക്കില്‍ ഉള്ള പോസ്റ്ററിനും ടീസറിനും ട്രെയിലറിനും സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ച വന്‍ സ്വീകാര്യത, ടോവിനോയും മഞ്ജുവാര്യരും വിവേക് ഒബ്റോയിയുമടക്കമുള്ള വന്‍ താരനിര, ഇതൊക്കെ ആയിരുന്നു ലൂസിഫര്‍ എന്ന സിനിമ കാണാനായി ഞാന്‍ എന്ന പ്രേക്ഷകന് കാത്തിരുന്ന ഘടകങ്ങളെന്നും കുറിപ്പില്‍ പറയുന്നു.
എഡിറ്റിങ്, സൗണ്ട് ഡിസൈന്‍, ആക്ഷന്‍ കൊറിയോഗ്രഫി തുടങ്ങി സാങ്കേതികപരമായ എല്ലാ മേഖലകളിലും ലൂസിഫര്‍ എന്ന ചിത്രം മികവ് പുലര്‍ത്തിയിരുന്നു. മലയാളത്തില്‍ സ്ഥിരം കണ്ടുവരുന്ന ആക്ഷന്‍ ഫോര്‍മാറ്റുകളില്‍ തളച്ചിടപ്പെടാതെ മാസ്സ് പടത്തിനും മസാലപടത്തിനും ഇടയിലുള്ള ഒരു സിനിമയായിരുന്നു ലൂസിഫര്‍. വളരെ സ്റ്റൈലിഷായാണ് പൃഥ്വിരാജ് ഈ ചിത്രം ഒരുക്കിയത്. നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ മുന്നില്‍ കിട്ടിയ വിഷയത്തെ ട്രീറ്റ് ചെയ്തെടുക്കാന്‍ പൃഥിരാജ് എന്ന നവാഗത സംവിധായകന് നൂറു ശതമാനം വിജയിച്ചു. സിനിമ കാണുന്ന ഓരോ പ്രേക്ഷകനും തര്‍ക്കമില്ലാത്ത ഒരു കാര്യം ആണിത്.
ഇതുവരെ പറയാത്ത കഥയോ, പ്രേക്ഷകര്‍ക്ക് പരിചിതമല്ലാത്തൊരു കഥയോ ഒന്നുമല്ല ലൂസിഫര്‍ പറഞ്ഞത്. നെടുനീളന്‍ സംഭാഷണങ്ങള്‍ ഒന്നുമില്ലെങ്കിലും ഒരു മാസ് സിനിമക്ക് വേണ്ട മൂഡ് ഒരുക്കുന്നതില്‍ മുരളി ഗോപിയുടെ തിരക്കഥക്കു സാധിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും വേണ്ട എല്ലാ ചേരുവകളും ഒത്തിണക്കി ഒരു ഒന്നാന്തരം എന്റര്ടെയ്നറയിരുന്നു ലൂസിഫറെന്നും കുറിപ്പില്‍ ആരാധകന് വ്യക്തമാക്കുന്നു. ലൂസിഫറില്‍ കൃത്യമായ കാസ്റ്റിംഗ് ആയിരുന്നു നടന്നത്. വിവേക് ഒബ്റോയിയുടെയും മഞ്ജു വാര്യരുടെയും സായ് കുമാറിന്റെയും ടൊവിനോയുടെയും ഇന്ദ്രജിത്തിന്റെയും ഫാസിലിന്റെയുമെല്ലാം കഥാപാത്രങ്ങളും അവരുടേയെല്ലാം അഭിനയവും ഈ ചിത്രത്തിന് കൂടുതല്‍ ഭംഗിയാണ് നല്‍കിയത്.
ഓരോ കഥാപാത്രത്തിനും കൃത്യമായി ഒരു സ്പേസ് നല്‍കിയിട്ടുണ്ട്. അതുപൊലെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് സുജിത്ത് വാസുദേവിന്റെ സിനിമോട്ടോഗ്രാഫിയും സംജിത്ത് മൊഹമ്മദിന്റെ എഡിറ്റിംഗും വളരെ മികച്ചതായിരുന്നു. പൃഥ്വിരാജ് എന്ന ഫാന്‍ ബോയ്ക്ക് ഒപ്പം ആ സ്ക്രീന്‍ കാഴ്ചകള്‍ പ്രേക്ഷകനും വളരെ ഇഷ്ടപ്പെട്ടിടത്താണ് ലൂസിഫര്‍ വിജയിച്ചതും തിയേറ്ററുകളില്‍ കയ്യടി നേടിയതും. മോഹന്‍ലാല്‍ എന്ന നടനെ കോമാളി ആക്കാത്ത മോഹന്‍ലാല്‍ എന്ന നടനെ ചുഷണം ചെയ്യുന്ന ഒരു സിനിമക്കായി കാത്തിരിക്കുകയാണ് ഞങ്ങള്‍. ഇപ്പോള്‍ ഇറങ്ങുന്ന സിനിമകള്‍ ഒന്നുമല്ല എന്നിലെ പ്രേക്ഷകന് വേണ്ടതെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.