ആർക്കും തൊടാൻ പറ്റാത്ത റെക്കോർഡുകൾ സൃഷ്ടിച്ച മോഹൻലാലിന്റെ അഞ്ച് സിനിമകൾ
മലയാളത്തിൻ്റെ താരരാജാവാണ് മോഹൻലാൽ. നാല് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് താരം. എപ്പോഴും ബോക്സ് ഓഫീസുകളിൽ തരംഗം സൃഷ്ടിക്കാൻ മോഹൻലാലിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. സ്വാഭാവികമായ അഭിനയം തന്നെയാണ് മോഹൻലാലിനെ മറ്റു നടന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഉജ്ജ്വലമായ അഭിനയമുഹൂർത്തങ്ങൾ കാഴ്ചവയ്ക്കുകയും അതേസമയം ആരാധകരെ ത്രസിപ്പിക്കുകയും ചെയ്യുന്ന നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയിട്ടുള്ള താരവും മോഹൻലാൽ തന്നെയാണ്.
കേരളത്തിനു പുറത്തും മോഹൻലാലിൻ്റെ ചിത്രങ്ങൾക്ക് നിരവധി ആരാധകരുണ്ട്. മോഹൻലാലിൻ്റെ സിനിമ ജീവിതത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ആദ്യത്തെ അഞ്ച് സിനിമകളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. അതിൽ ഒന്നാം സ്ഥാനത്തുള്ളത് വൈശാഖ് സംവിധാനം ചെയ്ത് തീയേറ്ററുകളിൽ കോളിളക്കം സൃഷ്ടിച്ച പുലിമുരുകൻ എന്ന സിനിമയാണ്. ഉദയകൃഷ്ണ തിരക്കഥയെഴുതിയ ചിത്രത്തിന് ഷാജി കുമാറാണ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പേരുപോലെ തന്നെ കാട്ടിൽ പുലികളുമായി ഏറ്റുമുട്ടുന്ന കഥാപാത്രത്തെയാണ് സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ചത്.
2016 ഒക്ടോബർ 7ന് റിലീസ് ചെയ്ത ചിത്രത്തിന് 144 കോടി രൂപയാണ് വരുമാനം നേടാൻ കഴിഞ്ഞത്. 132 കോടി രൂപ കളക്ഷനുമായി തൊട്ടു പിന്നാലെയുള്ളത് ലൂസിഫർ എന്ന ചിത്രമാണ്. മലയാളികളുടെ പ്രിയപ്പെട്ട യുവനടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ലൂസിഫർ. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാൽ കഥാപാത്രത്തെ മലയാളികൾക് ഒരിക്കലും മറക്കാൻ കഴിയില്ല. 2019 റിലീസ് ആയ ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജുവാര്യർ, ടോവിനോ തോമസ്, പൃഥ്വിരാജ് തുടങ്ങി വൻ താര നിര തന്നെ സിനിമയിൽ എത്തിയിരുന്നു.
മോഹൻലാലിൻ്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറിയ ദൃശ്യം എന്ന സിനിമയാണ് മൂന്നാം സ്ഥാനത്തുള്ളത്. നാലാം ക്ലാസ് വരെ പഠിച്ച നാട്ടിൻപുറത്തുകാരനായ ജോർജുകുട്ടിയും കുടുംബവും ഇപ്പോഴും മലയാളികളുടെ ഹൃദയത്തിലുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം 67 കോടി രൂപയാണ് വരുമാനം നേടിയത്. മാത്രമല്ല ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗവും മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. മീനയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.
54 കോടി രൂപ കളക്ഷൻ നേടിയ ഒടിയനാണ് നാലാം സ്ഥാനത്തുള്ളത്. പണ്ട് കാലത്ത് കേരളത്തിൽ പ്രചരിച്ചിരുന്ന ഒടിയൻ എന്ന സാങ്കൽപ്പിക കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീകുമാർ സംവിധാനം ചെയ്ത് ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രത്തിൻ്റെ നിർമാണം നടത്തിയിരിക്കുന്നത്. 2016ൽ പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം എന്ന സിനിമയാണ് അഞ്ചാം സ്ഥാനത്തുള്ളത്. 52 കോടി രൂപയാണ് ഒപ്പം നേടിയത്. ജയരാമൻ എന്ന അന്ധ കഥാപാത്രത്തിലാണ് സിനിമയിൽ മോഹൻലാൽ എത്തുന്നത്. മോഹൻലാലിൻ്റെ അഭിനയ ജീവിതത്തിൽ പ്രധാനപ്പെട്ട സിനിമ തന്നെയായിരുന്നു ഒപ്പം.