‘ഓട്ടക്കാലണയ്ക്ക് വിലയുണ്ടെന്ന് കാണിച്ചുതന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക്’; ‘സ്ഫടികം’ മോഷന്‍ പോസ്റ്റര്‍
മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ് സ്ഫടികം. മോഹന്‍ലാലിന്റെ ആടുതോമയും ഉര്‍വ്വശിയുടെ തുളസിയും തിലകന്റെ ചാക്കോ മാഷുമൊക്കെ ഇന്നും മലയാളികളുടെ കൂടെ ജീവിക്കുന്നുണ്ട്. അന്നും ഇന്നും ആടുതോമയ്ക്ക് ആരാധകരുണ്ട്. സ്ഫടികത്തിലെ ഓരോ രംഗവും ഡയലോഗും വരെ മലയാളികള്‍ക്ക് മനപാഠമാണ്. 1995 മാര്‍ച്ച് 30നാണ് ‘സ്ഫടികം’ മലയാളികള്‍ക്ക് മുന്നിലെത്തിയത്. മലയാളികള്‍ ഏറെക്കാലമായി കേള്‍ക്കുന്നതാണ് ഭദ്രന് സംവിധാനം ചെയ്ത സ്ഫടികം തിയറ്ററില്‍ പുതിയ ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുമെന്ന്. അതു സംബന്ധിച്ചുള്ള അപ്ഡേഷനുകള്‍ ഇടക്കാലത്ത് പുറത്തുവരികയും ചെയ്തിരുന്നു. സ്ഫടികം സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്കായി ആടുതോമയും ചാക്കോ മാഷും റെയ്ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ ഫോര്‍ കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ തിയറ്ററിലെത്തുമെന്ന് ഭദ്രന് തന്നെയാണ് ചിത്രത്തിന്റെ 24 -ാം വാര്‍ഷികത്തില്‍ അറിയിച്ചത്.
വീണ്ടും റിലീസ് ചെയ്യുന്നത് പ്രമാണിച്ചുള്ള മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കായി 4Kപവര്‍ എഞ്ചിന് ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ‘ആടുതോമ’യുടെ രണ്ടാം വരവ് ഞങ്ങള്‍ ഉറപ്പിക്കുകയാണ്. ഫെബ്രുവരി ഒമ്പതിന് ‘സ്ഫടികം’ വീണ്ടും തിയേറ്ററുകളില്‍ എത്തുന്നു. അപ്പോള്‍ എങ്ങനാ എന്നുമാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് എഴുതിയിരിക്കുന്നത്. മോഷന്‍ പോസ്റ്റര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ‘കാണുംതോറും വീര്യം കൂടുന്ന… ഐറ്റം, കട്ട വെയിറ്റിംങ്, തോമാച്ചായന്’ എന്നെല്ലാം പറഞ്ഞ് കമന്റ് ബോക്സ് നിറഞ്ഞിരിക്കുകയാണ്.
ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കായി 4K പവർ എഞ്ചിൻ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ആടുതോമയുടെ രണ്ടാം വരവ് ഞങ്ങൾ ഉറപ്പിക്കുകയാണ്. ഫെബ്രുവരി 9 ന് സ്ഫടികം വീണ്ടും തിയേറ്ററുകളിൽ എത്തുന്നു.
അപ്പോൾ എങ്ങനാ?#Spadikam pic.twitter.com/qWd4gXGKwe— Mohanlal (@Mohanlal) December 20, 2022
തോമസ് ചാക്കോ അഥവാ ആടുതോമ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ കളം നിറഞ്ഞ് അഭിനയിച്ച സിനിമയാണ് സ്ഫടികം. ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് മോഹന്‍ലാലിനായിരുന്നു ലഭിച്ചത്. ചാക്കോമാഷ് എന്ന തിലകന്റെ കഥാപാത്രവും ആര്‍ക്കും തന്നെ മറക്കാനാവില്ല. പൊന്നമ്മയെന്ന കഥാപാത്രമായി കെപിഎസി ലളിതയും തുളസിയായി ഉര്‍വശിയും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം കൂടിയാണ് ഇത്. നെടുമുടി വേണു, രാജന് പി ദേവ്, ശങ്കരാടി, ബഹുദൂര്‍, ചിപ്പി, അശോകന്, മണിയന്‍പിള്ള, കരമന , സ്ഫടികം ജോര്‍ജ്, എന്‍ എഫ് വര്‍ഗ്ഗീസ്, ശ്രീരാമന്, ഇന്ദ്രന്‍സ് എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1995- ല്‍ ഗുഡ്നൈറ്റ് ഫിലിംസിന്റെ ബാനറില്‍ ആര് മോഹന്‍ നിര്‍മ്മിച്ച് ഭദ്രന് സംവിധാനം ചെയ്ത ചിത്രം 200 ദിവസത്തിലേറെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.