‘കൊല്ലുന്ന ചിരി എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, റോഷാക്ക് ആയിട്ട് ഇതിനെ താരതമ്യം ചെയ്യരുത്….’
മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നും മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നുമാണ് സദയം. എം ടി വാസുദേവന്‍ നായരുടെ രചനയില്‍ സിബി മലയില്‍ ആണ് സദയം എന്ന സിനിമ സംവിധാനം ചെയ്തത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥന്. തിലകന് നെടുമുടി വേണു, മാത്യു എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം 1992ലാണ് റിലീസ് ചെയ്തത്. എം.ടി. വാസുദേവന്‍ നായര്‍ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 1993ലെ ദേശീയപുരസ്കാരം ലഭിച്ചത് ഈ സിനിമയിലൂടെയാണ്.
ഇപ്പോഴിതാ സദയം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ചിരി പങ്കുവെച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ ഇപ്പോള്‍ പുതിയ പോസ്റ്റ് വൈറലായിരിക്കുകയാണ്. കൊല്ലുന്ന ചിരി എന്ന് പറഞ്ഞാല്‍ ഇതാണ്. ഞാന്‍ എഴുതിയതിനും മേലെയാണ് അയാളുടെ അഭിനയം എന്ന് സാക്ഷാല്‍ എംടിയെകൊണ്ട് പറയിപ്പിച്ച നടനാണ് മോഹന്‍ലാല്‍ എന്നും ദയവായി റോഷാക്ക് ആയിട്ട് ഇതിനെ താരതമ്യം ചെയ്യരുതെന്നുമായിരുന്നു സദയത്തിലെ മോഹന്‍ലാലിന്റെ ചിരിക്കുന്ന ഫോട്ടോ പങ്കുവെച്ച് കുറിച്ചത്. പോസ്റ്റിന് താഴെ നിരവധിപേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്. ‘ദേവന്റെയും അസുരന്റെയും ഭാവങ്ങള്‍,, ശൃംഗാരം ഇതെല്ലാം ഒരു ചിരിയില്‍ കൂടി വരുത്താന്‍ കഴിയുന്ന ഒരു നടന് മോഹന്‍ലാല്‍ അല്ലാതെ ആരും ഇല്ല’ , ലാലേട്ടന്റെ ഏറ്റവും മികച്ച അഭിനയമുഹൂര്ത്തങ്ങളിലൊന്ന്. ഒരുപാടിഷ്ടം എന്നെല്ലാമായിരുന്നു കമന്റുകള്‍.
ഈ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളായ അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്വ്വത്തിലെയും നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കിലേയും മമ്മൂട്ടിയുടെ ഭാവങ്ങളും ഡയലോഗുകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. ലൂക്ക് ആന്റണിയേയും ഭീഷ്മപര്‍വ്വത്തിലെ മൈക്കിളപ്പന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരതമ്യം ചെയ്തിരിക്കുന്ന ട്രോളുകള്‍ പുറത്തിറങ്ങുകയുണ്ടായി. ഇതേതുടര്‍ന്ന് ഡെവിളിഷ് സ്മൈല്‍ എന്ന പേരില്‍ കൊട്ടിഘോഷിക്കുന്ന അഭിനയനിമിഷങ്ങളൊക്കെ മോഹന്‍ലാല്‍ ചെറുപ്പത്തില്‍ തന്നെ ചെയ്തുകഴിഞ്ഞതാണെന്നാണ് ചൂണ്ടിക്കാണിച്ച് മോഹന്‍ലാല്‍ ആരാധകരും ഒപ്പം എത്തിയിരുന്നു. എംടിയുടെ തിരക്കഥയില്‍ ഹരിഹരന് സംവിധാനം ചെയ്ത അമൃതം ഗമയ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനമാണ് കുറച്ച് നാള് മുമ്പ് ചൂണ്ടികാണിച്ചതെങ്കില് സദയത്തിലെ മോഹന്‍ലാലിന്റെ ചിരിയാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.