“ചുറ്റിക ഇന്ത്യയിലും തോക്ക് യുഎസിലും ” : റമ്പാന്റെ ആയുധം മറ്റൊന്ന് , മോഹൻലാൽ
1 min read

“ചുറ്റിക ഇന്ത്യയിലും തോക്ക് യുഎസിലും ” : റമ്പാന്റെ ആയുധം മറ്റൊന്ന് , മോഹൻലാൽ

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ജോഷി. 70 കളുടെ അവസാനം സ്വതന്ത്ര സംവിധായകനായി മാറിയ അദ്ദേഹം ഏകദേശം 80 ഓളം സിനിമകൾ ഇതിനകം സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ സിനിമകൾ പലതും ജോഷി എന്ന സംവിധായകനിൽ നിന്ന് പിറവി കൊണ്ടതാണ്.

മലയാളികൾ എന്നും നെഞ്ചേറ്റുന്ന ഒട്ടനവധി കഥാപാത്രങ്ങളും സിനിമകളും അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്നിട്ടുണ്ട്. മലയാളത്തിലെ പ്രഗൽഭരായ പല തിരക്കഥാകൃത്താക്കളോടൊപ്പവും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിങ്ങനെ സൂപ്പർ താരങ്ങളെയെല്ലാം നായകന്മാരാക്കി ജോഷി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ പാപ്പനാണ് ജോഷിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

അത്തരത്തിൽ മോഹൻലാൽ- ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങിയ സിനിമകളുമുണ്ട്. ഇപ്പോഴിതാ ഈ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുകയാണ്. ‘റമ്പാൻ’ എന്ന ചിത്രത്തിലൂടെയാണ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നത്. അതും എട്ട് വർഷങ്ങൾക്ക് ശേഷം. ഈ അവസരത്തിൽ റമ്പാനെ കുറിച്ച് തുറന്നു പറയുകയാണ് മോഹൻലാൽ.

 

“എപ്പോഴും ഒരു സിനിമ തുടങ്ങുമ്പോൾ, അതേറ്റവും വലിയ സിനിമ ആകണമെന്ന് പ്രാർത്ഥിക്കും. അതുപോലെ തന്നെയാണ് റമ്പാനും. ജോഷി സാറുമായി ഒരു സിനിമ ചെയ്യുക എന്ന് പറയുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണ്. എനിക്ക് മാത്രമല്ല എല്ലാ അഭിനേതാക്കൾക്കും. ഒരുപാട് നല്ല സിനിമകൾ എനിക്ക് അദ്ദേഹവുമായി ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല പുറത്തും ഷൂട്ട് ചെയ്യേണ്ട സിനിമയാണ് റമ്പാൻ. ഇന്ത്യയിൽ നിന്നും തുടങ്ങുന്ന സിനിമയുടെ ഒരു വലിയ ഭാഗം യുഎസിൽ ആണ് നടക്കുന്നത്. വലിയൊരു പ്രൊഡക്ഷൻ ആണിത്. വളരെയധികം സൂക്ഷിച്ച് ചെയ്യേണ്ട സിനിമ. ആക്ഷന് പ്രാധാന്യം ഉള്ള സിനിമയാണ്. ഇതൊരു മലയാള സിനിമ മാത്രമല്ല, പാൻ ഇന്ത്യൻ ചിത്രം കൂടിയാണ്. ഒരു ആക്ടർ എന്ന നിലയിൽ എനിക്കൊരുപാട് സാധ്യതകള്‍ ഉള്ളൊരു ചിത്രം കൂടിയാണിത്”, എന്ന് മോഹൻലാൽ പറയുന്നു.

പോസ്റ്ററിലെ ലുക്കിനെ പറ്റിയുള്ള ചോദ്യത്തിന്, ചുറ്റിക ഇന്ത്യയിലും തോക്ക് യുഎസിലും എന്നാണ് തമാശ രൂപേണ മോഹൻലാൽ പറഞ്ഞത്. തരികിടയിലേക്ക് പോകാൻ സാധ്യതയുള്ള കഥാപാത്രമാണ് റമ്പാൻ എന്നും മോഹൻലാൽ പറയുന്നു. അതേസമയം, റമ്പാന്റെ ആയുധം തോക്കോ ചുറ്റികയോ അല്ല, ബുള്ളറ്റിന്റെ ചെയിൻ ആണെന്നാണ് തിരക്കഥാകൃത്ത് ചെമ്പൻ വിനോദ് പറയുന്നത്. അടുത്ത വർഷം ആകും റമ്പാന്റെ ഷൂട്ടിംഗ് തുടങ്ങുക.