വരുന്നു മോഹന്‍ലാലിന്റെ ആക്ഷനും ഇമോഷനും നിറഞ്ഞ ബിഗ് ബജറ്റ് എന്റര്ടെയ്നര് ചിത്രം; ‘വൃഷഭ’ ചിത്രീകരണം ഉടന്‍
മോഹന്‍ലാലിനെ നായകനാക്കി നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന പ്രോജക്ടില്‍ തെലുങ്കില്‍ നിന്നൊരു സൂപ്പര്‍ താരം കൂടി അഭിനയിക്കും. മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളില്‍ മൊഴിമാറ്റിയും ചിത്രം പ്രദര്‍ശനത്തിനെത്തും. അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥപറയുന്ന ചിത്രത്തിന് ‘വൃഷഭ’യെന്നാണ് പേരിട്ടിരിക്കുന്നത്.
ആക്ഷനും ഇമോഷനും നിറഞ്ഞ ബിഗ് ബജറ്റ് എന്റര്ടെയ്നറായിരിക്കും ചിത്രമെന്നാണ് സൂചന. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ തുടങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
‘ദൃശ്യം 2’നു ശേഷം ജീത്തുവിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ‘റാമി’ന്റെ ഫൈനല്‍ ഷെഡ്യൂള്‍ ഏപ്രിലില്‍ തുടങ്ങുമെന്നും വാര്‍ത്തകളുണ്ട്. പാരീസ്, ലണ്ടന്‍ എന്നിവടങ്ങളിലെ ലൊക്കേഷനുകളിലായി ഒരു മാസത്തെ ചിത്രീകരണം മാത്രമാണ് ഇനി ‘റാമിന്റേ’തായി ബാക്കിയുള്ളത്. ഓണം റിലിസ് ആയിരിക്കും ചിത്രം. തൃഷ നായികയായി അഭിനയിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്ണ, സിദ്ധിഖ്, അനൂപ് മേനോന്, സുമന്, സായ് കുമാര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിടുന്നു.
മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്.’ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് ‘മലൈക്കോട്ടൈ വാലിബന്’. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്. രാജസ്ഥാനിലാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണം.