ബറോസിനോട് കിടപിടിക്കാൻ മറ്റൊരു ബിഗ് ബജറ്റ് ചിത്രം കൂടി; മോഹൻലാലിനൊപ്പം മറ്റൊരു സൂപ്പർതാരവും
ഈ ഓണത്തിന് മൂന്ന് ത്രിഡി സിനിമകളാണ് മലയാള സിനിമയിൽ മത്സരിക്കാനെത്തുന്നത്. ബറോസ്, അജയന്റെ രണ്ടാം മോഷണം, കത്തനാർ എന്നിവയാണ് ആ സിനിമകൾ. ഇതിൽ ഏറ്റവും അടുത്തായി റിലീസിന് ഒരുങ്ങുന്നത് ബറോസ് ആണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത് അഭിനയിക്കുന്ന സിനിമ ആയത് കൊണ്ടു തന്നെ ഹൈപ്പും വളരെ ഏറെയാണ്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ ഏതാനും നാളുകൾക്ക് മുൻപാണ് ബറോസിന്റെ റിലീസ് പ്രഖ്യാപിച്ചത്.
ഓണം റിലീസായി സെപ്റ്റംബർ 12നാണ് ചിത്രം തിയറ്ററിൽ എത്തുക. എന്നാൽ ബറോസിനൊപ്പം അന്നേ ദിവസം മറ്റൊരു ചിത്രം കൂടി തിയറ്ററിലെത്തും എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ട്. അജയന്റെ രണ്ടാം മോഷണം ആണ് ആ ചിത്രം. ടൊവിനോ തോമസ് നായകനായി എത്തുന്ന ഈ ചിത്രവും സെപ്റ്റംബർ 12ന് റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം. എന്നാൽ അജന്റെ രണ്ടാം മോഷണം ക്രിസ്മസ് റിലീസ് ആയിട്ടാകും എത്തുകെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അഥവാ ബറോസിനൊപ്പം അജയന്റെ രണ്ടാം മോഷണവും റിലീസ് ചെയ്യുക ആണെങ്കിൽ ഗംഭീരമായൊരു ക്ലാഷ് നടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. എന്തായാലും ഇക്കാര്യത്തിൽ ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കേണ്ടി വരും. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമാണ് എആർഎം. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായി ചിത്രം തിയറ്ററിലെത്തും. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. തെലുങ്ക് താരം കൃതി ഷെട്ടിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്.
ജിജോ പുന്നൂസിന്റെ കഥയാണ് ബറോസ്. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സംവിധായകൻ മോഹൻലാൽ എങ്ങനെ ഉണ്ടാകുമെന്ന് അറിയാനാണ് ഏവരും കാത്തിരിക്കുന്നത്. കുട്ടികൾക്കും ഇഷ്‍ടപ്പെടുന്ന ഒരു ഫാന്റസി ചിത്രമായത് കൊണ്ട് തന്നെ കുട്ടി ആരാധകരും തിയറ്ററിൽ എത്തുമെന്ന് ഉറപ്പാണ്. എല്ലാം ഒത്തുവന്നാൽ പീക്ക് ലെവലിൽ നിൽക്കുന്ന മലയാള സിനിമയിലെ മറ്റൊരു സീൻ മാറ്റൽ ചിത്രം ആയിരിക്കും ബറോസ്. ഒപ്പം മോഹൻലാൽ എന്ന സംവിധായകന്റെ അടയാളപ്പെടുത്തലും.