“ആകാംക്ഷ ജനിപ്പിക്കുന്ന ‘WHO DONE IT?’ മിസ്റ്ററി മൂവിയാണ് ട്വൽത്ത് മാൻ” : പ്രേക്ഷകന് അര്ജുന് ആനന്ദിന്റെ റിവ്യൂ ഇങ്ങനെ
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമ ‘ട്വല്‍ത്ത് മാന്‍’കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്തത്. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കെ ആര് കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ജീത്തു ജോസഫ് ട്വല്‍ത്ത് മാന്‍ സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫ്- മോഹന്‍ലാല്‍- ആശിര്‍വാദ് സിനിമാസ് കൂട്ടുകെട്ട് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമാപ്രേമികള്‍ക്ക് ഒരിക്കലും നിരാശ സമ്മാനിക്കാത്തവരാണ്. 2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ദൃശ്യത്തില്‍ ആരംഭിച്ച കൂട്ടുകെട്ടാണ് ഇപ്പോള്‍ ട്വല്‍ത്ത് മാനില്‍ എത്തി നില്‍ക്കുന്നത്.
ട്വല്‍ത്ത് മാന്‍ കണ്ട ഒരു പ്രേക്ഷകന്റെ റിവ്യൂ വായിക്കാം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറങ്ങിയ മോഹന്‍ലാല്‍ സിനിമകള്‍ കണക്കിലെടുത്താല്‍ ലാലേട്ടന്റെ ഡേറ്റ് കിട്ടിയാല്‍ മര്യാദയ്ക്ക് ഉപയോഗിക്കുന്ന ഒരു സംവിധായകന് ആണ് ജീത്തു ജോസഫ്. ഇത്തവണയും തെറ്റിച്ചില്ലെന്നാണ് അര്ജുന് ആനന്ദ് എഴുതിയ കുറിപ്പില്‍ പറയുന്നത്. ഒരു ക്ലോസ്ഡ് സ്പെയ്സില്‍ നടക്കുന്ന,ആകാംക്ഷ ജനിപ്പിക്കുന്ന ഒരു ‘ഹു ഡണ്‍ ഇറ്റ് ‘ മിസ്റ്ററി മൂവി ആണ് 12th മാന്‍. ഒരേ ലൊക്കേഷനില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം വികസിക്കുന്നത് സംഭാഷണങ്ങളിലൂടെ ആണ്. ഫ്ലാഷ് ബാക്കിലേക്കും പിന്നീട് തിരിച്ചും ഉള്ള ട്രാന്സിഷന് ഒക്കെ കാണിച്ചിരിക്കുന്ന വിധം നന്നായി തോന്നിയെന്നും കുറിപ്പില്‍ പറയുന്നു.
എല്ലാവര്ക്കും തുല്യ സ്പേസ് നല്‍കിയിട്ടുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍(ചുരുക്കം ഇടങ്ങളില്‍ ഒരു ബിഗ്ബോസ് ലാലേട്ടന് അനുഭവപ്പെടുന്നുണ്ടെങ്കിലും ), ശിവദ, ചന്ദുനാഥ് തുടങ്ങിയവരുടെ പ്രകടനം മുന്നിട്ട് നില്ക്കുന്നതായി തോന്നി. കൃഷ്ണകുമാറിന്റെ തിരക്കഥ, സംഭാഷണങ്ങളിലെ അല്പം നാടകീയത ഒഴിച്ചാല്‍ അത്യാവശ്യം ആലോചിച്ചു വര്‍ക്ക് ചെയ്ത് എഴുതിയ ഒന്നായി തന്നെ ആണ് അനുഭവപ്പെടുന്നത്. ആദ്യ 20-25 മിനിറ്റിലെ ചെറിയ മുഷിപ്പും സംഭാഷണങ്ങളില്‍ അനുഭവപ്പെടുന്ന അല്പം നാടകീയതയും 2.43 മണിക്കൂര്‍ വരുന്ന ദൈര്‍ഘ്യവും ഒഴിച്ചാല്‍ കണ്ടിരിക്കാവുന്ന സിനിമ തന്നെ ആണ് ട്വല്‍ത്ത് മാനെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
ചന്ദ്രശേഖര്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രമാണ് ചിത്രത്തിന്റെ നട്ടെല്ല്. പതിനൊന്ന് സുഹൃത്തുക്കളുടെ ആഘോഷത്തിനിടയില്‍ അപ്രതീക്ഷിതമായിട്ടുണ്ടാകുന്ന സംഭവത്തെയാണ് ചിത്രം പറയുന്നത്. ദൃശ്യം പോലൊരു സിനിമയല്ലെന്ന് ആദ്യമേ തന്നെ ജിത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.