സുബി സുരേഷിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മോഹന്‍ലാലും മമ്മൂട്ടിയും
ടെലിവിഷന്‍ താരവും നടിയുമായ സുബി സുരേഷിന്റെ മരണ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് മലയാളി സമൂഹം കേട്ടത്. കരള്‍ രോഗത്തെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സുബി ഇന്നാണ് ലോകത്തോട് വിടപറഞ്ഞത്. 41 മത്തെ വയസിലാണ് സുബിയുടെ വിടവാങ്ങല്‍. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടക്കവെയാണ് മരണം. തീര്‍ത്തും തീര്‍ത്തും അപ്രതീക്ഷിതമായ വിയോഗം സഹപ്രവര്‍ത്തകര്‍ക്കടക്കം നടുക്കമായി. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്.
ഇപ്പോഴിതാ, സുബിയുടെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയാണ് മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും. നിറഞ്ഞ ചിരിയോടെ മലയാളി പ്രേക്ഷകരുടെ സ്‌നേഹം കവര്‍ന്ന പ്രിയപ്പെട്ട കലാകാരി സുബി സുരേഷ് അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞു. അഭിനയത്തിലും അവതരണത്തിലും ഇനിയും ഒരുപാട് ഉയര്‍ച്ചകളിലേക്ക് പോകേണ്ടിയിരുന്ന പ്രിയ സഹോദരിയുടെ വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സുബിക്ക് ആദരാഞ്ജലി നേര്‍ന്ന് അവരുടെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. അതേസമയം സുരേഷ് ഗോപിയും സുബിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് രംഗത്തെത്തി.
സുരേഷ് ഗോപിയുടെ വാക്കുകള്‍
സുബി സുരേഷിന് ആദരാഞ്ജലികള്‍!
ഈ വേര്‍പാട് വേദനയാകാതിരിക്കാനും ഈ വേര്‍പാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പൊ പറയേണ്ടിവരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികള്‍ക്കും നന്ദി അറിയിക്കുകയാണ്. അവര്‍ ഇതിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്നെനിക്കറിയാം. നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷെ നിയമത്തിന്റെ നൂലാമാലകള്‍ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. ഇപ്പോഴങ്ങു കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിര്‍ത്തിയെടുത്തു ദീര്‍ഘകാലം അവര്‍ക്ക് അവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തില്‍ നിയമങ്ങള്‍ കഠിനമായി ഇല്ലെങ്കില്‍ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങള്‍ വളര്‍ന്നതാണ്. ഇതിനൊക്കെ നമുക്ക് നിയമത്തില്‍ കുറച്ചുകൂടി കരുണ വരണമെങ്കില്‍ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാന്‍ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓര്‍മകളില്‍ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ.
സുബി സുരേഷ് അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു. കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. സ്‌കൂള്‍ പഠനകാലത്ത് ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി വളരെ ജനപ്രിയമായിരുന്നു.