റെക്കോർഡുകൾ തകർത്ത് വാലിബൻ ടീസർ; ഒറ്റ ദിവസം കൊണ്ട് തന്നെ കണക്കില്ലാത്ത കാഴ്ചക്കാർ
മലയാള സിനിമാ പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം മലൈക്കോട്ടൈ വാലിബന് വേണ്ടി. അതുകൊണ്ട് തന്നെ ഈ സിനിമയുടെ ഓരോ വിശേഷവും ആരാധകർ വലിയ ആവേശത്തോടെ ഏറ്റെടുക്കുന്നു. മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷമെത്തുന്ന എൽജെപി ചിത്രമെന്ന പ്രത്യേകതയും വാലിഭനുണ്ട്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 9 മില്ല്യൺ വ്യൂസ് ആണ് ടീസറിന് ലഭിച്ചിരിക്കുന്നത്. ഒരു മലയാള സിനിമയുടെ ടീസറിന് ലഭിക്കുന്ന റെക്കോർഡ് വ്യൂ ആണ് വാലിഭന്റെ ടീസറിന് ലഭിച്ചിരിക്കുന്നത്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ പ്രധാന സിനിമയാവും വാലിഭൻ എന്നാണ് പ്രേക്ഷകരും സിനിമ നിരൂപകരും കണക്കുക്കൂട്ടുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ എത്തിയിരുന്നു. യോദ്ധാവിന്റെ ലുക്കില്‍ കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയില്‍ ആയിരുന്നു ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന് ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോണും ലിജോയും മോഹന്‍ലാലും ചേര്‍ന്നാണ് മലൈകോട്ടൈ വാലിബന് നിര്‍മ്മിക്കുന്നത്.
രാജസ്ഥാനില്‍ 77 ദിവസമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഏപ്രില്‍ 5ന് ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം ലിജോ ജോസ് പെല്ലിശേരി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഒരുപാട് ബുദ്ധിമുട്ടുള്ള സീക്വന്‍സുകള്‍ വരെ സിനിമയില്‍ ഉണ്ടായിരുന്നു എന്ന് സംവിധായകന് തുറന്നു പറയുകയും ചെയ്തിരുന്നു.