ദൈവത്തിന് നന്ദി; എൻറെ മകൻറെ വിവാഹത്തിൽ പങ്കെടുക്കുന്ന സന്തോഷം: മോഹൻലാൽ
കഴിഞ്ഞദിവസം മോഹൻലാൽ ഉൾപ്പെടെയുള്ള മലയാള സിനിമയിലെ മുൻനിര താരങ്ങളൊക്കെ കോഴിക്കോട്ടേക്ക് എത്തിയിരുന്നു. കാരണം ഡിസ്നി ഇന്ത്യ പ്രസിഡൻറ് കെ മാധവന്റെ മകൻറെ വിവാഹ റിസപ്ഷൻ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പായിരുന്നു അത്. കോഴിക്കോട് വെച്ച് ആഡംബര ഹോട്ടലിൽ ആഘോഷങ്ങൾ തകൃതിയായി ചൂട് പിടിച്ചപ്പോൾ വിവാഹ ചടങ്ങുകൾ നടന്നത് ഒരാഴ്ച മുമ്പ് ജയ്പൂരിൽ വച്ചായിരുന്നു. ജയ്പൂരിലെ രാംബാങ്ക് പാലസിൽ ആയിരുന്നു വിവാഹം. ബോളിവുഡ് ഇതിഹാസങ്ങൾ ആയ അമീർഖാൻ, അക്ഷയ് കുമാർ, കരകൻ ജോഹർ, ഉലക നായകനായ കമൽഹാസൻ, മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും വിവാഹത്തിലെ നിറസാന്നിധ്യമായിരുന്നു.
അവിടെ നിന്നുള്ള മോഹൻലാലിൻറെയും പൃഥ്വിരാജിന്റെയും രസകരമായ നൃത്ത വീഡിയോ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി കോഴിക്കോട് റിസപ്ഷൻ സംഘടിപ്പിക്കുകയും ചെയ്തു. സിനിമ, രാഷ്ട്രീയ മേഖലയിലെ നിരവധി ആളുകൾ റിസപ്ഷനിൽ പങ്കെടുത്തതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. മാമുക്കോയ, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, യൂസഫലി, തുടങ്ങിയ പ്രമുഖരാണ് ആഘോഷത്തിൽ പങ്കെടുത്തത്. റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയ മോഹൻലാലും തിളങ്ങി നിന്നിരുന്നു. ഇപ്പോൾ മാധവന്റെ കുടുംബവുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
തൻറെ മകൻറെ വിവാഹത്തിൽ പങ്കെടുക്കുന്ന സന്തോഷമാണ് മാധവന്റെ മകൻറെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ അനുഭവപ്പെട്ടത് എന്നാണ് മോഹൻലാൽ പറഞ്ഞത്. എല്ലാവർക്കും സന്തോഷകരമായ സായാഹ്നം നേരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ലാലേട്ടൻ സംസാരിച്ച് തുടങ്ങിയത്. “ചില അപൂർവ്വ നിമിഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ദൈവത്തോട് ഞാൻ നന്ദി പറയുകയാണ് അങ്ങനെയൊരു അവസരം എനിക്ക് തന്നതിന്. കാരണം ഞാൻ ഈ വിവാഹത്തിന് പങ്കെടുക്കാൻ എത്തുമെന്ന് വിചാരിച്ചതല്ല. ഞാൻ രാജസ്ഥാനിൽ ആയിരുന്നു ഉണ്ടായിരുന്നത്. അവിടെ നിന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട സൗഹൃദ നഗരമായ കോഴിക്കോട് എങ്ങനെ എത്തും എന്നായിരുന്നു ആശങ്ക. പക്ഷേ എനിക്ക് എത്താൻ കഴിഞ്ഞു.
അതും മാധവനും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള സൗഹൃദവും ബന്ധവും ഒന്നുകൊണ്ടുതന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. സൗഹൃദത്തിന് ഞാനും മാധവനും ഒരേപോലെ പ്രാധാന്യം കൊടുക്കുന്ന ആളുകളാണ്. എനിക്ക് മാധവനുമായി 25 വർഷത്തെ ബന്ധമുണ്ട്. ഞങ്ങൾ സുഖങ്ങളും ദുഃഖങ്ങളും എല്ലാം ഒരുമിച്ച് അനുഭവിച്ചുകൊണ്ട് തന്നെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. മാധവന്റെ കുടുംബവും ഒക്കെയായി ഒരുപാട് യാത്രകൾ പോകാറുണ്ട് ഞാൻ. മാത്രമല്ല ഞങ്ങൾക്ക് ഒരുസുഹൃത്ത് വലയം ഉണ്ട്. അവർ എല്ലാവരുമായി നമ്മൾ യാത്ര പോകാറുണ്ട്. അത്തരം യാത്രകളിലാണ് ഒരാളെ കൂടുതൽ മനസ്സിലാവുകയും അടുത്തറിയുകയും ചെയ്യുന്നത്.
മാധവനും വ്യക്തിബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരാളാണ് മാധവൻ. അദ്ദേഹത്തിൻറെ മക്കളായ ഗൗതമും ലക്ഷ്മിയും എനിക്ക് എൻറെ കുട്ടികളെപ്പോലെ തന്നെയാണ്. അവരുടെ ചെറുപ്പം മുതൽ വളർന്നുവരുന്ന കാലഘട്ടങ്ങൾ എല്ലാം കണ്ടുകൊണ്ടിരുന്ന ആളാണ് ഞാൻ. ഗൗതമും ഹിരാങ്കിയും വിവാഹിതരാകുന്നു എന്ന് പറഞ്ഞു കേട്ടപ്പോൾ കാലം എത്രവേഗം കുതിക്കുന്നു എന്ന് മനസ്സിലാകുന്നു. എൻറെ മകൻറെ വിവാഹത്തിൽ എന്നപോലെ എനിക്ക് സന്തോഷം നൽകുന്ന നിമിഷമാണിത്. എൻറെ കുടുംബത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. എന്തുതന്നെയായാലും നവദമ്പതിമാർക്ക് എൻറെയും കുടുംബത്തിന്റെയും ആശംസകൾ”.