“മഹേഷിന്റെ പ്രതികാരത്തിലെ ആ സീൻ ലാലേട്ടനെ താഴ്ത്തിക്കെട്ടുന്നത്” : മോഹൻലാൽ ആരാധകന്റെ കുറിപ്പ്
നടനവിസ്മയം, കംപ്ലീറ്റ് ആക്ടര്‍, താരരാജാവ് തുടങ്ങി മോഹന്‍ലാലിന് വിശേഷങ്ങള്‍ ഏറെയാണ്. 43 വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ഇതിനകം തന്നെ 360ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ആരാധകര്‍ പലപ്പോഴും ഫെയ്‌സ്ബുക്കില്‍ അദ്ദേഹത്തെക്കുറിച്ചെല്ലാം കുറിപ്പുകള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കുറിപ്പാണ് വൈറലാവുന്നത്. ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ആഷിഖ് നിര്‍മ്മിച്ച പടമാണ് മഹേഷിന്റെ പ്രതികാരത്തില്‍ കുട്ടി ലാലേട്ടന്‍ ഫാന്‍ ആണോ എന്ന് സൗബിന്‍ ചോദിക്കുന്ന സീനില്‍ ഞാന്‍ ലാലേട്ടന്‍ ഫാന്‍ ആണെന്നും മമ്മൂക്ക എന്ത് റോള്‍ വേണേലും ചെയ്യുമെന്ന് പറയുന്നത് മോഹന്‍ലാലിനെ ഉയര്‍ത്തി കാണിക്കാന്‍ വേണ്ടിയല്ലെന്നാണ് രാഹുല്‍ രാകേഷ് കുറിപ്പില്‍ പറയുന്നത്.
മോഹന്‍ലാല്‍ ആരാധകന്‍ എന്ന നിലയില്‍ കുറച്ചായി എഴുതണം എന്ന് വിചാരിച്ച കാര്യമാണെന്ന് എഴുതിയാണ് കുറിപ്പ് തുടങ്ങുന്നത്. ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ആഷിഖ് നിര്‍മ്മിച്ച പടമാണ് മഹേഷിന്റെ പ്രതികാരം.. ഫഹദ് ഫാസിലും സൗബിനും പ്രധാന കഥാപാത്രമായി വരുന്ന സിനിമ. അതില്‍ ‘കുട്ടി ലാലേട്ടന്‍ ഫാന്‍ ആണോ’ എന്ന് സൗബിന്‍ ചോദിക്കുന്ന സീന്‍ ഉണ്ട്. ‘ഞാന്‍ ലാലേട്ടന്‍ ഫാന്‍ ആണ്, മമ്മൂക്ക എന്ത് റോള്‍ വേണേലും ചെയ്യും, ചായക്കടക്കാരന്‍, തെങ്ങുകയറ്റക്കാരന്‍, പൊട്ടന്‍.. പക്ഷെ ലാലേട്ടന്‍ ഉണ്ടല്ലോ വര്‍മ്മ, നായര്, മേനോന്‍ ഇത് വിട്ടൊരു കളിയുമില്ല. ടോപ് ക്ലാസ് ഒണ്‍ലി. ആഷിഖ് അബു നിര്‍മ്മിച്ച്, മമ്മൂട്ടിയിലൂടെ സിനിമയില്‍ വന്ന സൗബിന്‍ പറയുന്ന ഈ ഡയലോഗ് മോഹന്‍ലാലിനെ ഉയര്‍ത്തി കാണിക്കാന്‍ വേണ്ടിയാണ് എന്ന് നിങ്ങള്‍ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? എന്ന ചോദ്യവും കുറിപ്പില്‍ പറയുന്നു.
അല്ലെന്ന് നൂറു തരം.. മോഹന്‍ലാല്‍ എന്ന മലയാള സിനിമയുടെ നെടുംതൂണായി നില്‍ക്കുന്ന ഒരാളെ സവര്‍ണ്ണന്‍ എന്ന് മുദ്രകുത്തി സമൂഹത്തില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമമായിരുന്നു അത്. വളരെ നിഷ്‌കളങ്കമായി പറഞ്ഞു വെച്ച ആ ഡയലോഗിന് ശേഷം അതില്‍ പിടിച്ച് എത്ര എത്ര ചര്‍ച്ചകള്‍ ആണ് ഇവിടെ നടന്നത്. അവര്‍ ലാലേട്ടനെ കൃത്യമായി ബ്രാന്‍ഡ് ചെയ്യുക ആയിരുന്നു. എത്ര എത്ര സൈബര്‍ ആക്രമണങ്ങള്‍ ആണ് ലാലേട്ടന് നേരെ ഉണ്ടായത്. എന്നിട്ടും മോഹന്‍ലാല്‍ എന്ന മഹാനടനെ വീഴ്ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അത്രമാത്രം മലയാളികള്‍ക്ക് ലാലേട്ടന്‍ പ്രിയപെട്ടവനാണ്. എങ്കിലും കുറച്ച് കാലമായി അത്തരം ശ്രമം ഒരു കോണില്‍ നിന്ന് ഉയരുന്നുണ്ട്. അതിന് പിന്നില്‍ ആഷിക് അബു ഉള്‍പ്പെടുന്ന മട്ടാഞ്ചേരി മാഫിയ ആണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കാര്യങ്ങള്‍ അത്ര നിഷ്‌കളങ്കമല്ലെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങള്‍ എടുത്തു നോക്കിയാല്‍ ക്ഷത്രിയനായ നരസിംഹ മന്നാടിയാരും, ന്യൂ ഡല്‍ഹിയിലെ കൃഷ്ണ മൂര്‍ത്തിയും, പെരുമാളും, നായര്‍ സാബും, അയ്യര്‍ ദി ഗ്രേറ്റിലെ സൂര്യ നാരായണ അയ്യരും, മഴയെത്തും മുന്‍പേയിലെ നന്ദകുമാര്‍ വര്‍മ്മയും, മാധവനുണ്ണിയും, സേതുരാമയ്യര്‍ CBI യും ഉള്‍പ്പടെ നിരവധി ടോപ്പ് ക്ലാസ് കഥാപാത്രങ്ങള്‍ കാണാം. രണ്ടു പേരും നിരവധി അത്തരം കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും എന്തേ മമ്മൂട്ടി അങ്ങനെയൊരു വിമര്‍ശനം കേട്ടില്ല? ഏയ് ഓട്ടോയിലെ സുധി, കിരീടത്തിലെ സേതുമാധവന്‍ മുതല്‍ ഒടുക്കം ജോര്‍ജുകുട്ടി വരെ എത്രയെത്ര സാധാരണക്കാരനായി ലാലേട്ടന്‍ നമ്മുക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. എന്നിട്ടും ലാലേട്ടന്‍ ടോപ്പ് ക്ലാസ് മാത്രം ചെയ്യുന്നവന്‍ എന്ന് നമ്മളോട് അവര്‍ പറഞ്ഞു. ഒരു ഉളുപ്പുമില്ലാതെ. ഇതൊക്കെ നിഷ്‌കളങ്കമായി ഉണ്ടായതാണോ? സംശയമാണെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു.
ലാലേട്ടനെ വിമര്‍ശിക്കുന്നവരുടെ വേരുകള്‍ വെറുതെ ഒന്ന് തേടി പോയി നോക്കുക.. എത്തുന്നത് മമ്മൂട്ടി എന്ന ഒരാളില്‍ ആയിരിക്കും. അത് ഫാന്‍സ് ആയാലും, സിനിമ പ്രവര്‍ത്തകര്‍ ആയാലും ഒരേ തണല്‍മരം. ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ച ആയത് പോലെ മറ്റൊരു സിനിമ നിര്‍മ്മാതാവും കേരളത്തില്‍ ചര്‍ച്ച ആയിട്ടുണ്ടാവില്ല. കാരണം അയാള്‍ മോഹന്‍ലാലിന്റെ ബിനാമി എന്ന പേരിലാണ് വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും. എന്നാല്‍ മമ്മൂട്ടിയുടെ മേക്കപ്പ് മാന്‍ ജോര്‍ജ് പ്രൊഡ്യൂസര്‍ ആയതും മമ്മൂട്ടിയുടെ സിനിമ നിര്‍മ്മിക്കുന്നതും നമ്മുക്ക് വിഷയമേ അല്ല. പരിഹാസം ഒട്ടുമില്ല. രാഷ്ട്രീയ നിലപാടിന്റെ പേരിലോ സിനിമയിലെ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്സിന്റെ പേരിലോ മമ്മൂട്ടിക്ക് എതിരെ ഇന്നേ വരെ സൈബര്‍ ആക്രമണം ഉണ്ടായതായി ഓര്‍മയില്‍ ഉണ്ടോ? എന്റെ അറിവില്‍ ഇല്ല. എന്തെ മമ്മൂട്ടി വെള്ളം ചവച്ച് കുടിക്കുന്നത് കൊണ്ടാണോ? അതോ അത്തരം നിലപാടുകള്‍ മമ്മൂട്ടി എടുക്കാറില്ല എന്നാണോ? എന്നും കുറിപ്പില്‍ ചോദിക്കുന്നു.
എത്രയോ തവണ മമ്മൂട്ടി അത്തരം രാഷ്ട്രീയ നിലപാടുകള്‍ എടുത്തിട്ടുണ്ട്.. ഇടത്പക്ഷ തണലില്‍ സ്വസ്ഥമായി ഇരിക്കുകയാണ് മമ്മൂട്ടി. പക്ഷെ മലയാള സിനിമ മേഖല തന്റെ ആളുകളുടെ കൈയില്‍ ഒതുങ്ങി എന്ന് തിരിച്ചറിയുന്ന സമയം മുതല്‍ മമ്മൂട്ടി മാറി തുടങ്ങി. നിരോധിത സംഘടനയുടെ പ്രവര്‍ത്തകന്‍ ആയിരുന്ന ഹര്‍ഷദ് ആദ്യമായി എഴുതിയ ഉണ്ട എന്ന സിനിമയില്‍ മമ്മൂട്ടിയാണ് നായകന്‍. സിനിമ പറയുന്ന വിഷയം നക്‌സലുകള്‍ പാവം ആണെന്നും സവര്‍ണ്ണ പോലീസ് ആണ് പ്രശ്‌നം എന്നതുമാണ്. ഇന്നിപ്പോള്‍ അതെ ഹര്‍ഷദ്, അതെ മമ്മൂട്ടി, സിനിമ പുഴു വിഷയം സവര്‍ണ്ണ അവര്‍ണ്ണ അയിത്തം! ഇങ്ങനെ വളരെ സാവധാനത്തില്‍ സിമി പ്രവര്‍ത്തകനായ ഹര്‍ഷദിനും കൂട്ടാളികള്‍ക്കും മലയാള സിനിമയില്‍ ഇടം കണ്ടെത്തി കൊടുക്കുന്നത് ആരാണ്? എന്തായിരുന്നു അതില്‍ അഭിനയിക്കാന്‍ ഉള്ള ചേതോവികാരം? ഇനി അയാളുടെ അടുത്ത പ്രൊജെക്ടുകള്‍ ഏതൊക്കെ എന്ന് കൂടി നോക്കണം. നിങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ മനസ്സിലാവുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.