ഹോളിവുഡിലെ സോണി സ്റ്റുഡിയോയില്‍ ബറോസിൻ്റെ അവസാന മിനുക്കു പണികൾ
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ മലയാള സിനിമ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. വർഷങ്ങൾ നീണ്ട അഭിനയജീവിതത്തിൽ നേടിയെടുത്ത പാഠങ്ങളുമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നതും . ചിത്രത്തിന്റെ അവസാന മിനുക്ക് പണികള്‍ നടക്കുന്നു എന്ന അപ്ഡേറ്റാണ് ഇപ്പോള്‍ സംവിധായനായ മോഹന്‍ലാല്‍ നല്‍കുന്നത്.
ഹോളിവുഡില സോണി സ്റ്റുഡിയോയില്‍ മാർക്ക് കിലിയൻ, ജോനാഥൻ മില്ലർ എന്നിവർക്കൊപ്പം ബറോസിന്റെ സംഗീതത്തിൻ്റെയും ശബ്ദത്തിൻ്റെയും അവസാന മിനുക്ക് പണികള്‍ക്ക് വേണ്ടി ബറോസ് കാണുന്നു എന്നാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്. ഡിസ്നി ഇന്ത്യ മേധാവി കെ മാധവനും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. നിരവധിപ്പേരാണ് മോഹന്‍ലാലിന്റെ ഉദ്യമത്തിന് പിന്തുണയും ആശംസയും ഈ പോസ്റ്റിന് അടിയില്‍ അറിയിക്കുന്നത്. മാര്‍ച്ച് 28നായിരിക്കും ബറോസ് റിലീസ് എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ച ബറോസ് നിർമിക്കുന്നത് ആശിർവാദ് സിനിമാസാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന് മാർക്ക് കിലിയൻ ബറോസ് ടീമിന്റെ ഭാഗമാകുന്നുണ്ട്. ടികെ രാജീവ് കുമാറും ചിത്രത്തിന്റെ ഭാഗമാണ്. . 3 ഡി ചിത്രം ആയതിനാലും ഫാന്റസി ആയതിനാലും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്.