ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സൂപ്പര്‍താരം മോഹന്‍ലാല്‍
തലമുറകള്‍ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹന്‍ലാല്‍. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹന്‍ലാല്‍ കേരളക്കരയുടെ മനസ്സില്‍ ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹന്‍ലാല്‍ എന്ന നടവിസ്മയും തിരശ്ശീലയില്‍ ആടിത്തീര്‍ത്തത് എത്രയോ മികച്ച കഥാപാത്രങ്ങള്‍. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങള്‍. ലാലിന്റെ കഥാപാത്രങ്ങള്‍ എടുത്തെടുത്ത് പറഞ്ഞുപരിചയം പുതുക്കേണ്ടതില്ല മലയാളികള്‍ക്ക്. വില്ലനായും കോമാളിയായും രക്ഷകനായും മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ നടത്തിയ പകര്‍ന്നാട്ടങ്ങള്‍ സ്വന്തമെന്ന പോലെ ചിരപരിചിതരാണ് നമുക്ക്. നാല് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന പേര് വലിയൊരു ബ്രാന്‍ഡായി മാറി കഴിഞ്ഞു. ബോക്സ് ഓഫീസുകളിലും മോഹന്‍ലാല്‍ തരംഗം സൃഷ്ടിച്ചു. താരത്തെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ എല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാവുന്നത്.
ഇപ്പോഴിതാ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ദര്‍ശനം നടത്തി പുറത്ത് എത്തിയ മോഹന്‍ലാലിനെ ക്ഷേത്ര ഭാരവാഹികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു. തിങ്കളാഴ്ച രാവിലെയാണ് മോഹന്‍ലാല്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. നേര് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കുറച്ച് ആഴ്ചകളായി മോഹന്‍ലാല്‍ തിരുവനന്തപുരത്തുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഹന്‍ലാല്‍ ദര്‍ശനം നടത്തുന്നത്. 2016ലാണ് അവസാനമായി മോഹന്‍ലാല്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. സുഹൃത്തുക്കളായ ജി സുരേഷ് കുമാര്‍, സനില്‍ കുമാര്‍ എന്നിവര്‍ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.
ട്വല്‍ത്ത് മാന്‍ ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് നേര്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ചിങ്ങം ഒന്നിന് ആയിരുന്നു. ദൃശ്യം ടീം ഒരുമിക്കുന്ന ചിത്രം ആയതിനാല്‍ത്തന്നെ അതൊരു ത്രില്ലര്‍ ആയിരിക്കുമെന്ന നിഗമനത്തിലാണ് പ്രേക്ഷകര്‍ ആദ്യമെത്തുക. എന്നാല്‍ നേര് അത്തരത്തിലൊരു ചിത്രമല്ലെന്ന് ജീത്തു പറയുന്നു. സസ്പെന്‍സ് ഇല്ലാത്ത ചിത്രമാണ് നേരെന്നും മറിച്ച് ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രമെന്നും അദ്ദേഹം പറയുന്നു. റെഡ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി ജീത്തുവിന്റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.
മലയാളത്തിലെ യുവ സംവിധായക നിരയില്‍ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന് ആണ് വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ശ്രദ്ധേയം. ഒപ്പം മോഹന്‍ലാലിന്റെ ആദ്യസംവിധാന സംരഭമായ ബറോസ്, ഓളവും തീരവും, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്, വൃഷഭ തുടങ്ങിയവയാണ് മറ്റ് മോഹന്‍ലാല്‍ ചിത്രങ്ങള്‍.