മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും..! വരുന്നത് പ്രിയദർശൻ്റെ 100-ാം സിനിമയില്‍
മലയാള സിനിമയിലെ എവര്‍ഗ്രീന്‍ സംവിധായകനാണ് പ്രിയദര്‍ശന്‍. ഒരേസമയം എന്റര്‍ടെയ്‌നറുകളും കലാമൂല്യമുള്ള സിനിമകളും പ്രിയദര്‍ശന്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കാനും പൊട്ടിക്കരയാനും ഹൃദയം തൊട്ട് സ്‌നേഹിക്കാനുമൊക്കെ പ്രിയദര്‍ശന്‍ സിനിമകള്‍ക്ക് സാധിക്കുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഒട്ടനവധി ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.മോഹന്‍ലാലിനെ നായകനാക്കി ഏകദേശം നാല്‍പത് ചിത്രങ്ങള്‍ വരെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്തു. പ്രിയദര്‍ശന്‍ ഒരു സിനിമയ്ക്ക് വേണ്ടി വിളിയ്ക്കുമ്പോള്‍ മോഹന്‍ലാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ചോദിക്കറില്ല. പലപ്പോഴും തിരക്കഥ പോലും പൂര്‍ത്തിയായിട്ടുണ്ടാവില്ല. ഷൂട്ടിങിന് ഇടയിലാണ് പല സിനിമയും പൂര്‍ണ്ണതയിലെത്തിയത്.1984 ല്‍ പുറത്തിറങ്ങിയ പൂച്ചയ്ക്കൊരു മൂക്കൂത്തി ആയിരുന്നു ആ ചിത്രം. ചിത്രം, താളവട്ടം, തേന്‍മാവിന്‍ കൊമ്പത്ത്, കിലുക്കം, കാലാപാനി തുടങ്ങി മലയാളി എക്കാലവും ഓര്‍ത്തുവെക്കുന്ന ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ പിന്നീടെത്തി. ഇപ്പോഴിതാ കരിയറില്‍ 100 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ് പ്രിയദര്‍ശന്‍.
നൂറാം ചിത്രത്തിലും നായകനാവുന്നത് മോഹന്‍ലാല്‍ ആയിരിക്കും. പ്രിയന്‍ നൂറാം ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറയുന്നത്. പ്രിയദര്‍ശന്‍ എന്നിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. തിരനോട്ടത്തില്‍ വന്നു, നവോദയയിലേക്ക് ഞാനാണ് കൊണ്ടുപോകുന്നത്. അതൊരു കൂട്ടുകെട്ടായി മാറി. പ്രിയന്‍റെ ആദ്യ സിനിമ പൂച്ചയ്ക്കൊരു മൂക്കൂത്തിയാണ്. ഒരു മൂന്ന് സിനിമ കൂടി ചെയ്താല്‍ 100 സിനിമയാവും. നൂറാമത്തെ സിനിമയില്‍ ഞാന്‍ അഭിനയിക്കണമെന്ന് പറഞ്ഞിരിക്കുകയാണ്.
വളരെ അപൂര്‍വ്വമായ കാര്യമാണ്. നൂറ് സിനിമകള്‍ ചെയ്യുക എന്നത് തന്നെ വലിയ പ്രയാസമാണ്. ആദ്യത്തെ സിനിമയിലെ നായകന്‍ തന്നെ നൂറാമത്തെ സിനിമയിലും അഭിനയിക്കുക എന്നതൊക്കെ മലയാളത്തില്‍ മാത്രമേ സാധിക്കൂ. മലയാള സിനിമയുടെ ചരിത്രമെടുത്ത് നോക്കിയാല്‍ 2000, 3000 സിനിമയൊക്കെ ചെയ്ത ആര്‍ട്ടിസ്റ്റുകളുണ്ട്. സുകുമാരി ചേച്ചിയൊക്കെ എത്ര സിനിമ ചെയ്തെന്ന് അറിയില്ല. ക്യാമറാമാന്മാരും സംവിധായകരുമുണ്ട്. ചന്ദ്രകുമാറൊക്കെ 150 സിനിമയില്‍ കൂടുതല്‍ ചെയ്തിട്ടുണ്ട്. ഐ വി ശശി, ശശികുമാര്‍ സാര്‍. പ്രിയന്‍റെ കാര്യമെടുത്താല്‍ മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്ക്, ഹിന്ദി ഒക്കെ ചെയ്തിട്ടുണ്ട്.