എൽജെപിയുടെ കരിയറിലെ ഏറ്റവും വലിയ ക്യാൻവാസ്, ബിഗ് ബജറ്റ്; മോഹൻലാൽ ചിത്രത്തിന്റെ സമയദൈർഘ്യമറിയാം
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മലൈക്കോട്ടെ വാലിബൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിന് വേണ്ടി. ജനുവരി അഞ്ചിന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ കഥയോ, പശ്ചാത്തലമോ ഒന്നും തന്നെ വ്യക്തമല്ല. പതിവ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിലുള്ള വ്യത്യസ്തത ഇതിലും കാണുമോ, അല്ലെങ്കിൽ വേറെയെന്തെങ്കിലും രീതിയാണോ അവലംബിച്ചിരിക്കുന്നത് എന്നൊന്നും വ്യക്തമല്ല.
ഇതിനിടെ മലൈക്കോട്ടൈ വാലിബന്റെ ദൈർഘ്യം സംബന്ധിച്ചുളള അപ്ഡേറ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. സിനിമയുടെ ദൈർഘ്യം 2 മണിക്കൂറും 7 മിനിറ്റുമാണ് എന്നാണ് സൂചന. ലിജോ-മോഹൻലാൽ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ഹിന്ദി പതിപ്പിന്റെ സെൻസർഷിപ്പ് മുംബൈയിൽ പൂർത്തിയായി. സിനിമയുടെ ഹിന്ദി പതിപ്പിന്റെ റൺടൈം 127 മിനിറ്റാണ്.
ബിഗ് സ്ക്രീനിൽ വിസ്മയങ്ങൾ തീർത്തിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് വാലിബൻ. രാജസ്ഥാൻ ആയിരുന്നു പ്രധാന ലൊക്കേഷൻ. 130 ദിവസത്തോളം നീണ്ട സിനിമയുടെ ചിത്രീകരണം ജൂൺ രണ്ടാം വാരം ആണ് അവസാനിച്ചത്. ബുദ്ധസന്യാസികളുടെ ജീവിത പശ്ചാത്തലത്തിലുള്ള ഒരു അഭ്യാസിയുടെ ജീവിതമാണ് മലൈക്കോട്ടൈ വാലിബൻ പറയുന്നതെന്നാണ് റിപ്പോർട്ട്.
ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠ രാജൻ, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെക്കൂടാതെ ഇന്ത്യയിലെ പ്രശസ്തരായ താരങ്ങളും വാലിബന്റെ ഭാഗമാകുന്നുണ്ട്. പി എസ് റഫീക്കാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ലിജോയ്ക്കായി ക്യാമറ കൈകാര്യം ചെയ്യുകയാണ്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബ’ന്റെ നിർമ്മാണ പങ്കാളികളാണ്.