”അനുഭവങ്ങളെല്ലാം കഴിയുമ്പോഴുണ്ടാകുന്ന ആ ഒരു ഫിലോസഫിക്കൽ സ്മൈൽ”; വർഷങ്ങൾക്ക് ശേഷം സിനിമയ്ക്ക് റിവ്യൂ എഴുതി മോഹൻലാൽ
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമ തിയേറ്ററുകളിൽ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവർത്തകരോടും നന്ദി പറയുന്നുവെന്നും മോഹൻലാൽ കുറിച്ചു. ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് മോഹൻലാൽ സിനിമ കണ്ടത്.
ഇരുവരും സിനിമ കാണുന്നതിന്റെ ഫോട്ടോയും സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പും മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. “കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ..? എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്ക് നടുവിൽ നിന്ന് അങ്ങിനെ തിരിഞ്ഞ് നോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങൾ കാണാം. വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി.
കഠിനമായ ഭൂതകാലത്തെ അതേതീവ്രതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറി വരുന്ന ഒരു ചിരി(ഫിലോസിഫിക്കൽ സ്മൈൽ) ഈ സിനിമ കാത്തുവച്ചിരിക്കുന്നു. വർഷങ്ങൾക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ നന്ദി. സ്നേഹപൂർവ്വം മോഹൻലാൽ”, എന്നാണ് നടൻ കുറിച്ചത്.
വിഷു റിലീസ് ആയി ഏപ്രിൽ 11ന് ആയിരുന്നു വർഷങ്ങൾക്കു ശേഷം തിയറ്ററുകളിൽ എത്തിയത്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിന് ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു. ഒപ്പം മികച്ച കളക്ഷനും. റിപ്പോർട്ടുകൾ പ്രകാരം 50കോടിയിലേക്ക് വൈകാതെ ചിത്രം എത്തുമെന്നാണ് വിവരം. ബുക്ക് മൈ ഷോയുടെ റിപ്പോർട്ട് പ്രകാരം മികച്ച ബുക്കിംഗ് നടക്കുന്ന രണ്ടാമത്തെ മലയാള സിനിമ കൂടിയാണിത്.