“ആരാണ് ഖുറേഷി എബ്രഹാം എന്ന് നിങ്ങൾ എമ്പുരാനിലൂടെ മനസിലാക്കും” ; മോഹൻലാൽ
1 min read

“ആരാണ് ഖുറേഷി എബ്രഹാം എന്ന് നിങ്ങൾ എമ്പുരാനിലൂടെ മനസിലാക്കും” ; മോഹൻലാൽ

മലയാള സിനിമാസ്വാദകർ കഴിഞ്ഞ കുറച്ച് കാലമായി കാത്തിരിക്കുന്നൊരു സിനിമയുണ്ട്. എമ്പുരാൻ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് ബ്ലോക് ബസ്റ്ററായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെ ആയിരുന്നു അതിന് കാരണം. എമ്പുരാനുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കും കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ എമ്പുരാനെ കുറിച്ചും പൃഥ്വിരാജിനെ പറ്റിയും മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ബിഗ് ബോസ് സീസൺ ആറിന്റെ വേദിയിൽ വച്ചായിരുന്നു നടന്റെ പ്രതികരണം.

ലൂസിഫറിനെ കുറിച്ച് ആയിരുന്നു മോഹൻലാൽ ആദ്യം പറഞ്ഞത്. “ക്രാഫ്റ്റ് കൊണ്ട് ഏറ്റവും മനോഹരമാക്കിയ സിനിമയാണ് ലൂസിഫർ. ഒരു സിനിമ എങ്ങനെ എടുക്കണം എന്ന് വളരെയധികം പഠിച്ച് ചെയ്തൊരു സിനിമയാണത്. ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് പൃഥ്വിരാജ് എന്ന് ഞാൻ പറയും. അയാൾക്ക് ഏത് സിനിമയും ചെയ്യാൻ പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതൊരു പൊളിറ്റിക്കൽ സിനിമയാണ്. അത് അത്തരത്തിലൊരു രീതിയിൽ കൊണ്ടുവരിക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിന്റെ സ്ക്രിപ്റ്റ് ഒരുക്കിയ മുരളി ഗോപിയ്ക്ക വലിയൊരു കയ്യടി കൊടുത്തെ പറ്റൂ”, എന്ന് മോഹൻലാൽ പറഞ്ഞു. ‌‌

“എമ്പുരാന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ലെ ലഡാക്കിൽ ആയിരുന്നു ചിത്രീകരണം തുടങ്ങിയത്. അതുകഴിഞ്ഞ് യുകെയിൽ ഷൂട്ട് ചെയ്തു. യുഎസ്, മദ്രാസ് എന്നിവിടങ്ങളിലും ഷൂട്ട് ചെയ്തു. ഇപ്പോൾ തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുകയാണ്. കുറച്ച് കാലം ഗുജറാത്തിൽ ഷൂട്ട് ചെയ്യാനുണ്ട്. കുറച്ച് ദുബായിലും. ആരാണ് ഖുറേഷി എബ്രഹാം എന്ന് നിങ്ങൾ എമ്പുരാനിലൂടെ മനസിലാക്കും. ഈ വർഷം റിലീസ് ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇല്ലെങ്കിൽ അടുത്ത വർഷം ജനുവരിയിൽ ഉണ്ടാകും”, എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ആശീർവാദ് സിനിമാസും ലെയ്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.