‘ലാലേട്ടന് ഇന്നും ആ ഫയർ ഉണ്ട്; സ്‌ക്രിപ്റ്റിന് അനുസരിച്ച് ഓടാനും ചാടാനും മണ്ണില്‍ ഇഴയാനും മടി ഇല്ലാതെ തയ്യാറാവുന്ന നടനാണ് മോഹന്‍ലാല്‍’; ആരാധകരുടെ കുറിപ്പ് ശ്രദ്ധനേടുന്നു
ആറാട്ട് സിനിമയെക്കുറിച്ചും മോഹന്‍ലാലിന്റെ അഭിനയ മികവിനെക്കുറിച്ചും കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കോട്ടയം ജില്ലാ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്. തീയറ്ററില്‍ ഫാന്‍സ് ഷോകളിലും മറ്റും വലിയ ഓളം സൃഷ്ടിച്ച സിനിമയാണ് ആറാട്ട്. ആദ്യദിനം തന്നെ ചിത്രം വലിയ പ്രേക്ഷക പ്രതികരണം നേടി. ലാലേട്ടന്‍ ആറാടുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് പ്രേക്ഷകര്‍ തീയറ്ററില്‍ നിന്നും ഇറങ്ങി വന്നത് തന്നെ. അണിയറ പ്രവര്‍ത്തകരും സമാനമായ പ്രതികരണങ്ങള്‍ നടത്തുകയുണ്ടായി. മോഹന്‍ലാല്‍ എന്ന മഹാനടനോടുള്ള ആദരവും അദ്ദേഹത്തിന്റെ അഭിനത്തോടുള്ള ആത്മാര്‍ഥതയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇപ്പോള്‍ കോട്ടയം മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബിന്റെ കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. മോശം സിനിമയിലെ ചെറിയ നല്ല വശങ്ങളെ ചൂണ്ടിക്കാണിച്ചാല്‍ പോലും എയറില്‍ കേറേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത് എന്ന മുഖവുരയോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. തിരക്കഥയിലെ മോശം സന്ദര്‍ഭങ്ങളെ സ്വന്തം കഴിവുകൊണ്ടും എനര്‍ജികൊണ്ടും മറികടക്കുന്ന നടനാണ് മോഹന്‍ലാല്‍.സിനിമയോട് അങ്ങേയറ്റം ആത്മാര്‍ത്ഥത അദ്ദേഹം വെച്ചുപുലര്‍ത്തുന്നു എന്നും ഫാന്‍സ് ചൂണ്ടിക്കാണിക്കുന്നു.
കഥയും കഥാപാത്രവും ആവശ്യപ്പെടുന്നതനുസരിച്ച് സംവിധായകന്റെ നിര്‍ദ്ദേശാനുസരണം ഓടാനും ചാടാനും തലകുത്തിമറിയാനും മരത്തില്‍ നിന്ന് ജമ്പ് ചെയ്യാനും എല്ലാം സന്നദ്ധനായ നടനാണ് മോഹന്‍ലാല്‍. സ്വന്തം പ്രായം പോലും അദ്ദേഹം ഇക്കാര്യത്തില്‍ കണക്കിലെടുക്കാറില്ല. യുവ സംവിധായകരായാലും വളരെ സീനിയര്‍മാരായാലും മോഹലാലിന്റെ സിനിമയോടുള്ള സമീപനം ഒന്നു തന്നെയാണ്. എല്ലാക്കാലത്തും ഒരു ഫയര്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ ഉണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ ആറാട്ട് സിനിമയിലെ ക്ലൈമാക്‌സ് രംഗങ്ങളെക്കുറിച്ച് ഫാന്‍സ് ചില വിഷമങ്ങളും കുറിപ്പില്‍ പങ്കുവെയ്ക്കുന്നുണ്ട്. സംവിധായകര്‍ പറയുന്നതനുസരിച്ച് എല്ലാം ചെയ്യാന്‍ സന്നദ്ധനായ നടനാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വേണ്ടി നല്ല കഥകളും കഥാപാത്രങ്ങളും സൃഷ്ടിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് കോട്ടയം ഫാന്‍സ് ക്ലബ്ബ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫെബ്രുവരി 28ന് തീയറ്റര്‍ റിലീസ് ആയിരുന്ന ആറാട്ട് കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയതത്. പുലിമുരുകന്‍ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളുടെ രചയിതാവ് ഉദയകൃഷ്ണന്‍ തിരക്കഥയൊരുക്കുന്നു എന്നതിനാല്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരുന്നത്. ലോകമാകെ 27000 സ്‌ക്രീനുകളില്‍ ചിത്രം റിലീസായി. മൂന്ന് ദിവസം കൊണ്ട് ആഗോള തലത്തില്‍ 17.80 കോടിയായിരുന്നു കളക്ഷന്‍. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റ മുഴുവന്‍ പേര്. ഇന്ദ്രന്‍സ്, സിദ്ദിഖ്, വിജയരാഘവന്‍, സ്വാസിക, മാളവിക മേനോന്‍, ശ്രദ്ധ ശ്രീനാഥ്, ശിവജി ഗുരുവായൂര്‍, റിയാസ് ഖാന്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിന്റെ ഭാഗമായത്. ചിത്രത്തെക്കുറിച്ച് വലിയ അവകാശവാദങ്ങളൊന്നും ഇല്ലെന്നും, ഇതൊരു അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്‌നറാണെന്നും മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.