‘മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല’ കെ. സുരേന്ദ്രന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല, പരിഹാസം നിറയുന്നു
രാജ്യത്ത് അതിരൂക്ഷമായി തുടർന്ന ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി വിദേശരാജ്യങ്ങൾ ഒന്നാകെ കൈകോർത്തുകൊണ്ട് സഹായം എത്തിച്ചിരിക്കുകയാണ്. യുഎസ്എ, ജർമ്മനി, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾക്കു പുറമേ പാക്കിസ്ഥാൻ,ന്യൂസിലാൻഡ്,ഫ്രാൻസ്, അങ്ങനെ ഗൂഗിൾ അടക്കമുള്ള നിരവധി ആഗോള കമ്പനികളും ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. വളരെ വലിയ പ്രതിസന്ധി ഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് സഹായഹസ്തങ്ങൾ വരുമ്പോൾ പി.എം കെയർ ഫണ്ടിലേക്ക് പണം സ്വീകരിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ പഴയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ്. 2018-ൽ കേന്ദ്ര സർക്കാരിനെ പുകഴ്ത്തിക്കൊണ്ട് കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പ് ആ കാലയളവിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.ഇപ്പോഴിതാ കോവിഡ് മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ കാര്യക്ഷമതയെ ഏവരും ചോദ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്നത് കേരളത്തിൽ കെ. സുരേന്ദ്രൻ ആണെന്ന് തോന്നി പോകുന്നു. പ്രളയ സമയത്ത് കേരളത്തിന് നിരവധി സഹായ വാഗ്ദാനങ്ങൾ നൽകി കൊണ്ട് വിവിധ ഗൾഫ് രാജ്യങ്ങൾ രംഗത്തുവന്നിരുന്നു.
ഗൾഫ് രാജ്യങ്ങളുടെ സഹായം വേണ്ട എന്ന് കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിച്ചതോടെ ആ നിലപാടിനെ പിന്തുണച്ചു കൊണ്ട് കെ.സുരേന്ദ്രനും രംഗത്ത് വന്നിരുന്നു. കേന്ദ്ര നേതൃത്വത്തെ വളരെയധികം പുകഴ്ത്തിക്കൊണ്ടുള്ള ആ പോസ്റ്റിൽ
മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല എന്ന പരാമർശമാണ് മലയാളികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനോടകം പതിനായിരത്തോളം പ്രതിഷേധ കമന്റുകൾ ആണ് ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ കെ. സുരേന്ദ്രന് മലയാളികളുടെ വക വലിയ പൊങ്കാല തന്നെയാണ് ലഭിക്കുന്നത്. വലിയ പരിഹാസത്തിനും വിമർശനത്തിനും ഇടയാക്കിയ കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;”വിവരവും വിദ്യാഭ്യാസവുമുള്ള ആരെങ്കിലും കമ്മികളോ കൊങ്ങികളോ സുഡുകളോ ആയുണ്ടെങ്കിൽ വായിച്ചുനോക്കണം. മൻമോഹൻസിംഗും ചിദംബരവും സുനാമിയുടെ കാലത്ത് വിദേശസഹായത്തിന്റെ കാര്യത്തിൽ സ്വീകരിച്ച നിലപാട്. ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലിൽ തള്ളാൻ വെച്ച ഗോതമ്പ് നാം കൊണ്ടുവന്ന് നമ്മുടെ കുട്ടികൾക്ക് കൊടുത്തിട്ടുണ്ട്. അന്നത് ആവശ്യമായിരുന്നു. ആ ഇന്ത്യയല്ല മക്കളേ ഇന്നത്തെ ഇന്ത്യ. കേരളം പുനർ നിർമ്മിക്കാൻ നരേന്ദ്ര ദാമോദർദാസ് മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല.”