പ്രേക്ഷകർക്ക് ഏഷ്യാനെറ്റിന്റെ വിഷുകൈനീട്ടമായി ‘മരയ്ക്കാര്‍ : അറബികടലിന്റെ സിംഹം’; സംപ്രേഷണ സമയം പുറത്തുവിട്ടു
1 min read

പ്രേക്ഷകർക്ക് ഏഷ്യാനെറ്റിന്റെ വിഷുകൈനീട്ടമായി ‘മരയ്ക്കാര്‍ : അറബികടലിന്റെ സിംഹം’; സംപ്രേഷണ സമയം പുറത്തുവിട്ടു

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘മരക്കാര്‍;അറബിക്കടലിന്റെ സിംഹം’. വന്‍ ആവേശത്തോടെയാണ് ചിത്രം പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചത്. ഇപ്പോള്‍ മിനിസ്‌ക്രീനില്‍ ആദ്യമായി ചിത്രം എത്തുകയാണ്. വിഷുദിനമായ ഏപ്രില്‍ 15 ഉച്ചയ്ക്ക് 2 മണിയ്ക്ക് ഏഷ്യാനെറ്റിലാണ് ചിത്രം സംപ്രേക്ഷണം ചെയ്യുക. വലിയ കുടുംബ പ്രേക്ഷകരുടെ പിന്തുണയുള്ള ചിത്രമാണ് മരയ്ക്കാര്‍. വിഷു ആഘോഷങ്ങള്‍ക്കായി ഒത്തുകൂടുന്ന കുടുംബാംഗങ്ങളുടെ മുന്നിലേയ്ക്കാണ് ഏഷ്യാനെറ്റ് ചിത്രം എത്തിയ്ക്കുന്നത്. മോഹന്‍ലാലിനൊപ്പം അര്‍ജുന്‍ സര്‍ജ, പ്രഭു, മുകേഷ്, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, സുഹാസിനി തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രമാണ് മരയ്ക്കാര്‍.

മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് വലിയ പ്രേക്ഷകപ്രീതി ചിത്രം നേടിയിരുന്നു. വിഎഫ്എക്‌സ് സാങ്കേതിക വിദ്യ മികച്ച രീതിയില്‍ സിനിമയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കരയിലും കടലിലുമായിട്ടുള്ള യുദ്ധരംഗങ്ങള്‍ സിനിമയുടെ മറ്റൊരു പ്രധാന പ്രത്യേകതയാണ്. മികച്ച രീതിയില്‍ ഇത് വെള്ളിത്തിരയില്‍ എത്തിക്കാന്‍ പ്രിയദര്‍ശന് സാധിച്ചിട്ടുണ്ട്.

 

സ്വാതന്ത്രത്തിന് വേണ്ടി പോരാടി വീരമൃത്യുവരിച്ച ധീരന്റെ കഥയാണ് ‘മരക്കാര്‍;അറബികടലിന്റെ സിംഹം’ എന്ന സിനിമ പറയുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രഭു, അര്‍ജുന്‍, അശോക് സെല്‍വന്‍ എന്നിവരാണ് കയ്യടി നേടുന്ന മറ്റ് പ്രധാന താരങ്ങള്‍. തന്ത്രങ്ങളും യുദ്ധവും സ്വാതന്ത്രവും മാത്രമല്ല, പ്രണയവും വിരഹവും എല്ലാം സിനിമ പറയുന്നുണ്ട്. കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും മികച്ച ജോഡികളായി ചിത്രത്തില്‍ വേഷമിടുന്നു. കീര്‍ത്തി സുരേഷ് അഭിനയിച്ച കഥാപാത്രമാണ് അതി ശക്തമായ പ്രണയം പറയുന്ന മറ്റൊരാള്‍. നൃത്തവും സംഗീതവും എല്ലാം മികച്ച രീതിയില്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.