‘മഞ്ഞുമ്മൽ ബോയ്സ്’ തിയറ്ററിലേക്ക് ഇറങ്ങുന്നു, ട്രെയിലറിന് പിറകെ ബിഗ് അപ്ഡേറ്റ്
ജാന്‍ എ മന് എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധയും വലിയ വിജയവും നേടിയ സംവിധായകനാണ് ചിദംബരം. അതിനുശേഷം ഈ സംവിധായകന്റേതായി എത്തുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫെബ്രുവരി 22 മുതലാകും ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തുക.
ദുരൂഹതകൾ നിറച്ച്, പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നിമിഷങ്ങൾക്കുള്ളിൽ മൂന്ന് മില്യണിലധികം കാഴ്ചക്കാർ കണ്ട ട്രെയിലർ ഇപ്പോഴും യൂട്യൂബ് ട്രെൻഡിങ്ങിലാണ്. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സർവൈവൽ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഏതാണ് ആ സംഭവം എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്കുള്ള ഉത്തരവുമായിട്ടാണ് ട്രെയ്ലര് എത്തിയിരിക്കുന്നത്. വാർത്തകളിൽ നിറഞ്ഞുനിന്ന ‘ഡെവിൾസ് കിച്ചൻ’ അഥവാ ഗുണാ കേവ്സ് ആണ് ചിത്രത്തിന്റെ പശ്ചാത്തലമാവുന്നത്.
മധ്യവേനവധിക്കാലത്ത് കേരളത്തിൽ നിന്നും സന്ദർശകർ ഒഴുകിയെത്തുന്ന ഒരു സ്ഥലമാണ് കൊടൈക്കനാൽ. കൊടൈക്കനാൽ ടൗണിന് പുറത്താണ് ‘ഡെവിൾസ് കിച്ചൻ’ എന്നറിയപ്പെടുന്ന 300 അടിയോളം താഴ്ചയുള്ള ‘ഗുണാ കേവ്സ്’ സ്ഥിതി ചെയ്യുന്നത്. ആ ടൂറിസ്റ്റ് സംഘത്തിന്റെ അപകടത്തിന് ശേഷം, അധികാരികൾ ഗുഹക്ക് ചുറ്റും സംരക്ഷണഭിത്തി കെട്ടിവെച്ചിട്ടുണ്ടെങ്കിലും പലരും അങ്ങോട്ടേക്ക് പോവാൻ ഭയപ്പെട്ടിരുന്നു. 1992-ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം ‘ഗുണ’യിലെ ‘കണ്മണി അൻപോട് കാതലൻ’ എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് ‘ഡെവിൾസ് കിച്ചൻ’ ഗുഹയിലാണ്. ഈ ഗുഹ സിനിമ പുറത്തിറങ്ങിയതിൽ പിന്നെയാണ് ഈ ഗുഹ ‘ഗുണ ഗുഹ’ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.