തമിഴ്നാട്ടിൽ നിന്ന് 50 കോടി വാരി മഞ്ഞുമ്മൽ ബോയ്സ്; ഇതുവരെ നേടിയത് 200 കോടി
സൂപ്പർ താരങ്ങളില്ലാതെ റിലീസ് ചെയ്ത മലയാള സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. എന്നാൽ ചരിത്ര വിജയമാണ് ഈ ചിത്രം ബോക്സ് ഓഫിസിൽ നേടിക്കൊണ്ടിരിക്കുന്നത്. മലയാളത്തിൽ നിന്ന് കോടികൾ നേടിയ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിലും പണംവാരുന്നു. ട്രേഡ് അനിലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിൽ നിന്നും 50 കോടി രൂപ മഞ്ഞുമ്മൽ നേടി കഴിഞ്ഞു. ആദ്യമായി ഒരു മലയാള സിനിമ തമിഴ്നാട്ടിൽ നിന്ന് 50 കോടി നേടുന്നു എന്ന ഖ്യാതിയും ചിദംബരം സംവിധാനം ചെയ്ത ഈ ചിത്രത്തിനുണ്ട്.
ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. ജാൻ എ മാൻ എന്ന സിനിമയിലൂടെ മലയാളത്തിൽ തന്റേതായൊരിടം കണ്ടെത്തിയ ചിദംബരത്തിന്റെ പുതിയ സിനിമ പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിനിമം ഗ്യാരന്റി ഉള്ള പടമാകും ഇതെന്നായിരുന്നു വിലയിരുത്തൽ. റിലീസ് ദിനം ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ഈ വിലയിരുത്തൽ വെറുതെ ആയില്ലെന്ന് ചിത്രം ഉറപ്പ് നൽകി. മികച്ച മൗത്ത് പബ്ലിസിറ്റി മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി.
കേരളത്തിൽ വൻ തരംഗം സൃഷ്ടിച്ച മഞ്ഞുമ്മൽ ബോയ്സിന് ഇതുവരെ മറ്റൊരു മലയാള സിനിമയ്ക്കും ലഭിക്കാത്തത്ര സ്വീകാര്യതയാണ് തമിഴ്നാട്ടിൽ നിന്നും ലഭിച്ചത്. അഭൂതപൂർവ്വമായ സ്വീകാര്യത എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. തങ്ങളുടെ സ്വന്തം സിനിമ എന്ന നിലയിലാണ് തമിഴകം ചിത്രത്തെ ഏറ്റെടുത്തത് എന്നതാണ് വാസ്തവം.
2006ൽ കൊടെക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലിൽ നിന്നും പോയ യുവാക്കളുടെ യഥാർത്ഥ അനുഭവം ആടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.