ഒറ്റദിനം ആറ് കോടിക്ക് മേൽ കളക്ഷൻ എടുത്ത് ‘മഞ്ഞുമ്മൽ ബോയ്സ്’
മഞ്ഞുമ്മല്‍ ബോയ്സ് ചിത്രം ബോക്സോഫീസില്‍ വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. 2006 ല്‍ എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടേക്കനാലിലേക്ക് ടൂറുപോയ 11 അംഗ സംഘത്തിനുണ്ടായ അനുഭവമാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ ഇതിവൃത്തം. യുവതാരനിരയെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൂപ്പര്‍താര സാന്നിധ്യമില്ലാതെയെത്തി ചിത്രം നേടിയ പ്രീ റിലീസ് ബുക്കിംഗ് തന്നെ അമ്പരപ്പിക്കുന്നതായിരുന്നു. ആദ്യ ഷോകള്‍ക്കിപ്പുറം എണ്ണം പറഞ്ഞ ചിത്രമെന്ന് അഭിപ്രായം വന്നതോടെ ആദ്യദിനം തന്നെ നിരവധി മിഡ്നൈറ്റ് സ്പെഷല്‍ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്.
ആദ്യ ഷോ കണ്ടപ്പോൾ തന്നെ 2024ലെ അടുത്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റാണിതെന്ന് പ്രേക്ഷകർ വിധിയെഴുതിയിരിക്കുകയാണ്. ഒന്നും രണ്ടുമല്ല 11 നായകന്മാരാണ് ചിത്രത്തിലുള്ളത്. എല്ലാവരും ഒന്നിനോടൊപ്പ് മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു തരി പോലും ലാഗടിപ്പിക്കാതെ പൂർണ്ണമായും എൻജോയ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ സഞ്ചരിക്കുന്ന സിനിമ യുവാക്കളോടൊപ്പം കുടുംബ പ്രേക്ഷകരെ ഉൾപ്പെടെ പിടിച്ചിരിത്തുന്നുണ്ട്.ഇപ്പോൾ ചിത്രത്തിന്റെ ഇന്ത്യയിൽ നിന്നുള്ള ഓപ്പണിങ് കളക്ഷൻ പുറത്തുവന്നിരിക്കുകയാണ്. ആദ്യ ദിനത്തിൽ 3.9 കോടി രൂപ ചിത്രം കളക്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ. ഈ വർഷത്തെ രണ്ടാമത്തെ മികച്ച ഓപ്പണിങ് കളക്ഷനാണ് ഇത്. കേരളത്തിൽ നിന്ന് മാത്രം 3.35 കോടിയാണ് ചിത്രം നേടിയത്. വേൾഡ് വൈഡ് കളക്ഷൻ ആറു കോടിയ്ക്ക് മുകളിലാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ കരസ്ഥാമാക്കിയത്.
ആദ്യദിനം 1.47 കോടി രൂപ അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ലഭിച്ചിരുന്നു. രണ്ടാം ദിവസത്തിലും മികച്ച ബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നത്. 893 ഷോകളിൽ നിന്നായി 1.38 കോടിയാണ് രണ്ടാം ദിനം സിനിമയുടെ അഡ്വാൻസ് ബുക്കിങിലൂടെ ലഭിച്ചത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരങ്ങൾ അണിനിരന്ന ചിത്രം മലയാള സിനിമയുടെ സീൻ മാറ്റുമെന്ന സുഷിൻ ശ്യാമിന്റെ വാക്കുകൾ ചിത്രം കണ്ടതോടെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവും കൊടൈക്കനാലിന്റെ വശ്യതയേയും നിഗൂഡതകളെയും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഞ്ഞടിക്കുന്നു.