ലോകസിനിമയിൽ ഏഴാമത് മഞ്ഞുമ്മൽ ബോയ്സ്, പതിനഞ്ചാമത് ഭ്രമയു​ഗം; മലയാളത്തിൽ നിന്ന് മറ്റ് നാല് സിനിമകളും
1 min read

ലോകസിനിമയിൽ ഏഴാമത് മഞ്ഞുമ്മൽ ബോയ്സ്, പതിനഞ്ചാമത് ഭ്രമയു​ഗം; മലയാളത്തിൽ നിന്ന് മറ്റ് നാല് സിനിമകളും

സിനിമയെ ഗൗരവമായി കാണുന്ന ലോകത്താകമാനമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യൽ നെറ്റ്‍വർക്കിംഗ് സർവ്വീസ് ആണ് ലെറ്റർബോക്സ്ഡ്. യൂസർ റേറ്റിം​ഗ് അനുസരിച്ച് ഇവർ പ്രസിദ്ധീകരിക്കുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഈ വർഷം പകുതി പിന്നിട്ടപ്പോൾ ആഗോള റേറ്റിംഗിൽ ഏറ്റവും മുന്നിലുള്ള 25 സിനിമകൾ ഏതൊക്കെയെന്ന ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ലെറ്റർബോക്സ്ഡ്.

എല്ലാ രാജ്യങ്ങളിലും തിയറ്റർ റിലീസ് ചെയ്യപ്പെട്ട, അല്ലെങ്കിൽ ഒടിടിയിലൂടെ സ്ട്രീം ചെയ്യപ്പെട്ട സിനിമകളും പരിഗണിച്ചിട്ടുണ്ട്. എന്നാൽ ലിസ്റ്റിൽ എത്താൻ ഏറ്റവും ചുരുങ്ങിയത് 2000 റേറ്റിംഗ് ആവശ്യമാണ്. ഏറ്റവും റേറ്റിംഗ് ലഭിച്ചിരിക്കുന്ന ഈ വർഷത്തെ 25 സിനിമകളുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് ഏഴ് സിനിമകളാണ് ഉള്ളത്. അതിൽ അഞ്ചും മലയാളത്തിൽ നിന്നുള്ളതാണ് എന്നതിൽ മലയാളികൾക്ക് അഭിമാനിക്കാവുന്ന സം​ഗതിയാണ്.

ഹിന്ദി ചിത്രം ലാപതാ ലേഡീസ് ആണ് ലെറ്റർബോക്സ്ഡ് റേറ്റിംഗിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ സിനിമ. ആഗോള ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ് ലാപതാ ലേഡീസ്. ഏഴാമത് മലയാളത്തിൽ നിന്നുള്ള വൻ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സ്. ആഗോള ലിസ്റ്റിൽ പത്താം സ്ഥാനത്ത് മലയാള ചിത്രം ആട്ടം. 15-ാം സ്ഥാനത്ത് മമ്മൂട്ടി നായകനായ ഭ്രമയുഗം, 16-ാം സ്ഥാനത്ത് ഫഹദ് ഫാസിൽ നായകനായ ആവേശം, 25-ാം സ്ഥാനത്ത് പ്രേമലു എന്നിവയുമുണ്ട്. 20-ാം സ്ഥാനത്ത് ഹിന്ദി ചിത്രം ചംകീലയും.