
”പതിമൂന്ന് വർഷം മുൻപാണ് ഞങ്ങൾ അവസാനമായി ഒന്നിച്ചത്, എന്നെ വിളിക്കാത്തതിൽ വിഷമമില്ല”; മണിയൻ പിള്ള രാജു
1976ലാണ് സുധീർ എന്ന മണിയൻപിള്ള രാജു സിനിമാലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ‘മോഹിനിയാട്ടം’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ. പിന്നീട് 1981-ൽ ബാലചന്ദ്ര മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതോടുകൂടിയാണ് മണിയൻപിള്ള രാജു എന്ന പേരിൽ മലയാളത്തിൽ അറിയപ്പെടാൻ തുടങ്ങിയത്.
പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളിൽ മണിയൻപിള്ള രാജു ഭാഗമായിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ അയ്യർ ഇൻ അറേബ്യ എന്ന ചിത്രമായിരുന്നു മണിയൻപിള്ള രാജുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് മണിയൻപിള്ള രാജു. താനും മോഹൻലാലും പതിമൂന്ന് കൊല്ലം മുൻപാണ് ഒരുമിച്ച് സിനിമ ചെയ്തതെന്നും ഇപ്പോൾ തന്നെ വിളിക്കാത്തതിൽ തനിക്ക് വിഷമമൊന്നുമില്ലെന്നും മണിയൻപിള്ള രാജു പറയുന്നു.
“മോഹൻലാലും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്‌തിട്ട് 13 വർഷമായി. ഞങ്ങള് തമ്മിൽ എന്നും ഫോൺ വിളിച്ച് സംസാരിക്കു, തമാശകൾ പറയും, ഇടയ്ക്കൊക്കെ കാണും. പക്ഷേ എല്ലാം കഴിഞ്ഞ് അടുത്ത സിനിമയിൽ എനിക്ക് കൂടി ഒരു വേഷം തരണമെന്ന് പറയാൻ ഒരു മടി ഉണ്ട്. അതുകൊണ്ട് അങ്ങോട്ട് കയറി ചാൻസ് ചോദിക്കാറില്ല. അങ്ങനെ എല്ലാ സിനിമയിലും ചാൻസ് ചോദിക്കുന്നവരുണ്ട്.
എല്ലാ സിനിമയിലും അവർ അഭിനയിക്കുന്നുമുണ്ട് എനിക്ക് എന്തോ അങ്ങനെ ചെയ്യാൻ തോന്നാറില്ല. ഒന്നുകിൽ എനിക്ക് പറ്റിയ വേഷം ആ സിനിമയിൽ ഉണ്ടാകാത്തതു കൊണ്ടാകാം, അല്ലെങ്കിൽ എൻ്റെ അഭിയം മോശമായതുകൊണ്ടാകാം എന്നെ വിളിക്കാത്തത്. എനിക്ക് അതിൽ വിഷമമൊന്നുമില്ല.” മണിയൻപിള്ള രാജു പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
നവാഗതനായ മനു രാധാകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഗു’ മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജുവാണ് നിർമ്മിക്കുന്നത്. ബെംഗളൂരുവിൽ നിന്നും മിന്ന എന്ന പെൺകുട്ടി തൻ്റെ മാതാപിതാക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുവാൻ അൽപ്പം അമാനുഷികതകൾ നിറഞ്ഞ തറവാട്ടിലെത്തുന്നതോടെ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.