“മണിച്ചിത്രത്താഴിൽ ഗംഗയെ ഡമ്മിയാക്കി സണ്ണി ചികിത്സിച്ചത് ശ്രീദേവിയെ ആയിക്കൂടെ?” ; വൈറലായി പ്രേക്ഷകൻ്റെ സംശയം
ഇന്നും കാലാനുവർത്തിയായി നിൽക്കുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മോഹൻലാൽ, ശോഭന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വീണ്ടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.
കുറിപ്പിൻ്റെ പൂർണരൂപം
എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ്.. വീണ്ടും പോസ്റ്റ് ചെയുന്നു എന്ന് മാത്രം… മണിച്ചിത്രതാഴ് എന്ന സിനിമയിൽ ഗംഗയുടെ അപരവ്യക്തിത്വം ആയിട്ട് നാഗവല്ലിയെ നമ്മൾ മനസിലാക്കുമ്പോൾ, അവിടെ ശ്രീദേവി എന്നൊരു ടാർഗറ്റ് അറിഞ്ഞോ അറിയാതെയോ നമ്മൾ മറന്നുപോകുന്നു…നാട്ടിൽ എത്തിയശേഷമോ അതിനു മുന്നേ തന്നെയോ, നകുലനിൽ നിന്നുള്ള അവഗണനയും കുഞ്ഞമ്മയിൽ നിന്നും നാഗവല്ലിയെക്കുറിച്ച് കേട്ട കാര്യങ്ങളുമൊക്കെയാണ് ഗംഗയെ നാഗവല്ലിയാക്കി മാറ്റുന്നത്… എന്നാൽ ഇതിനേക്കാൾ ട്രോമ അനുഭവിച്ച ശ്രീദേവി അവിടെയുണ്ട്…
ചൊവ്വ ദോഷം കാരണം, ഇഷ്ടപെട്ട നകുലനെ വിവാഹം കഴിക്കാൻ സാധിച്ചില്ല… പിന്നീട് അത് മറച്ചുവെച്ചിട്ട് മറ്റൊരു വിവാഹം കഴിച്ചു… സത്യം അറിഞ്ഞപ്പോൾ അയാൾ ശ്രീദേവിയെ വീട്ടിൽ കൊണ്ടുവിടുന്നു… ഒരുപക്ഷെ ഗംഗയേക്കാൾ ട്രോമ അനുഭവിച്ചത് ശ്രീദേവി തന്നെയാണ്….സിനിമയിൽ കാണിച്ചിരിക്കുന്നത്, ശ്രീദേവിയെ ഡമ്മി ആക്കികൊണ്ട്, സണ്ണി ഗംഗയെ ചികിൽസിക്കുന്നതായിട്ടാണ്… ഒരുപക്ഷെ, ഇത് നേരെ തിരിച്ചാണെങ്കിലോ?
ഗംഗയെ ഡമ്മിയാക്കി സണ്ണി ചികിത്സിച്ചത് ശ്രീദേവിയെ ആയിക്കൂടെ? അതുമാത്രമല്ല, എന്റെ അറിവിൽ അവിടെ ഗംഗയ്ക്കും ശ്രീദേവിയ്ക്കും മാനസിക പ്രശ്നങ്ങൾ ഉണ്ട്… ഗംഗയിലെ ചിത്തരോഗിയെ, ശ്രീദേവിയെന്ന ഡമ്മിയെ, മുന്നിൽ നിർത്തി ചികിൽസിക്കുന്നു എന്ന പ്രതീതിയിൽ, സണ്ണി യഥാർത്ഥത്തിൽ രണ്ടു പേരെയും ഒരേ സമയം ചികിൽസിച്ചു കാണണം… ശ്രീദേവിയെ പൂർണമായി സുഖപെടുത്താൻ അവൾക്കൊരു ജീവിതം കൊടുക്കുകയാണ് വേണ്ടതെന്നു തിരിച്ചറിയുന്ന സണ്ണി അവളെ വിവാഹം കഴിക്കുകയാണ്… സണ്ണി എന്ന ഡോക്ടറിന്റെ പ്രെസ്റ്റീജ് ഇഷ്യൂ കൂടിയാണ് അത്… തന്റെ രോഗികളിൽ ആർക്കും അസുഖം മാറാതെ ഇരിക്കരുത് എന്ന പിടിവാശി അയാൾക്ക് ഉണ്ടാവും…
മറ്റൊരു ആങ്കിളിൽ കൂടി ചിന്തിച്ചാൽ, സണ്ണി എന്നത് ഒരു പക്ഷെ കാരണവരോ രാമനാഥനോ ആണെങ്കിലോ… സണ്ണി ഇവർ രണ്ടുപേരിൽ ഒരാൾ ആവാനും സാധ്യത ഉണ്ട്… ശ്രീദേവിയാണ് നാഗവല്ലി എങ്കിൽ, തനിക്ക് കിട്ടാതെ പോയ നാഗവല്ലിയെ, ഇക്കുറി കല്യാണമാവുന്ന മണിച്ചിത്രപ്പൂട്ടിൽ പൂട്ടി, അവളോട് പ്രതികാരം ചെയ്യാനും തന്റെ മോഹം നടപ്പിലാക്കാനും സണ്ണി എന്ന കാരണവർക്ക് സാധിക്കുന്നു… (സണ്ണി കാരണവർ ആണെന്ന തരത്തിൽ ഹ്യൂമർ കലർത്തി പല സീനുകൾ സിനിമയിൽ ഉടനീളം ഉണ്ട്… സ്വയം ശങ്കരൻതമ്പിയായി നിന്നുകൊണ്ട് തെക്കിനിയിൽ അയാൾ നാഗവല്ലിയുമായി സംസാരിക്കുന്നുമുണ്ട് ).
ഇനി നകുലൻ കാരണവർ ആണെങ്കിൽ, അപ്പോഴും ഗംഗ അല്ല, ശ്രീദേവി തന്നെയാവും നാഗവല്ലി… കാരണം, കാരണവരുടെ ഭാര്യ അല്ല നാഗവല്ലി… കാരണവർ ഒരു അഭയാർത്ഥിയെ പോലെ അവിടെ നിർത്തുയേക്കുന്ന ഒരാൾ മാത്രമാണ് നാഗവല്ലി…അങ്ങനെ നോക്കിയാൽ സണ്ണി ഒരുപക്ഷെ രാമനാഥൻ ആവും… താൻ ഇഷ്ടപെടുന്ന പെണ്ണിനെ കാരണവരായ നാകുലന്റെ പക്കൽ നിന്നും വിവാഹം കഴിച്ചു രക്ഷപ്പെടുത്തികൊണ്ടുപോകുന്ന രാമനാഥൻ ഡോക്ടർ സണ്ണിയല്ലാതെ വേറെ ആരാവാൻ…