‘നൻപകല്‍ നേരത്ത് മയക്കം’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ജനുവരി 19ന് തിയേറ്ററുകളിലെത്തിയ ‘നന്‍പകല്‍ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മാത്രമല്ല, ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് നിറഞ്ഞ കൈയ്യടികളാണ് സിനിമാ പ്രേമികളുടെ ഭാഗത്തു നിന്നും ലഭിച്ചത്.
ഇപ്പോഴിതാ, ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമ ഒടിടിയിലേക്ക് എത്തുകയാണ്. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമ നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുക. ഫെബ്രുവരി 23 മുതലാണ് സ്ട്രീമിംഗ്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. തമിഴ് ഭാഷയും ഗ്രാമങ്ങളും ഇടകലരുന്ന ചിത്രമായതിനാല്‍ അവിടെയും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
ചിത്രത്തില്‍ ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്റെ കരിയറില്‍ ഉതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജെയിംസ് എന്ന കഥാപാത്രം. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം.
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്തത്. മമ്മൂട്ടിക്ക് പുറമേ അശോകന്, രമ്യാ പാണ്ഡ്യന്, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വത് അശോക്കുമാര്, സഞ്ജന ദിപു തുടങ്ങിയ നിരവധി താരങ്ങളും വേഷമിട്ട ചിത്രം ആഘോഷപൂര്‍വമായിരുന്നു സ്വീകരിക്കപ്പെട്ടിരുന്നത്. എസ് ഹരീഷിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.