‘മോഹന്‍ലാലിലെ നടന്റെ സൂക്ഷ്മാഭിനയം എന്തെന്ന് പഠിക്കാന്‍ പറ്റിയ ചലച്ചിത്രവിഷ്‌ക്കാരമാണ് രാജശില്പി’ ; കുറിപ്പ് വായിക്കാം
1 min read

‘മോഹന്‍ലാലിലെ നടന്റെ സൂക്ഷ്മാഭിനയം എന്തെന്ന് പഠിക്കാന്‍ പറ്റിയ ചലച്ചിത്രവിഷ്‌ക്കാരമാണ് രാജശില്പി’ ; കുറിപ്പ് വായിക്കാം

നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. അഭിനയ പ്രതിഭ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍ പലരും പറയുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഡാന്‍സ്. ശാസ്ത്രീയ നൃത്തഭ്യാസം ശീലമല്ലാതിരുന്നിട്ടും ചടുല താളങ്ങളെ ലാല്‍ പല സിനിമകളിലും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ അനായാസ നൃത്തച്ചുവടുകള്‍ക്ക് ചൂണ്ടിക്കാണിക്കാറുള്ള സിനിമകളാണ് രാജശില്‍പ്പി, കമലദളം എന്നിവ. അക്കൂട്ടത്തില്‍ പാദമുദ്രയിലെ കാവടിയാട്ടവും, വാനപ്രസ്ഥത്തിലെ ഭാവഭിനയവും ഉള്‍പ്പെടുത്താം. ക്ലാസിക്കല്‍ ഡാന്‍സ് അല്ലാത്ത ഡാന്‍സുകളും മോഹന്‍ലാല്‍ അനായാസം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ നൃത്തത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും പങ്കുവെച്ചുള്ള കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

മോഹന്‍ലാല്‍ കഥാപാത്രമായി മാറുമ്പോള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ അംശം ആ കഥാപാത്രങ്ങളിലും പ്രതിഫലിക്കുന്നു എന്നൊരു അഭിപ്രായം കാണാന്‍ ഇടയായി….അത് സത്യമോ മിഥ്യയോ എന്നുള്ളത് അവിടെ നില്‍ക്കട്ടെ…. കമലദളം എന്ന സിനിമയില്‍ ശാസ്ത്രീയ നൃത്തം ചെയ്തപ്പോഴും വാനപ്രസ്ഥത്തില്‍ കഥകളി ആടിയപ്പോളും പൂതനാമോക്ഷം അവതരിപ്പിച്ചപ്പോഴെല്ലാം മോഹന്‍ലാല്‍ നേരിട്ടൊരു ചോദ്യമുണ്ട്….. ഇതൊക്കെ ശാസ്ത്രീയമായി പഠിച്ചിട്ടുണ്ടോ എന്ന്…. ഇതിനൊക്കെ മറുപടിയായി അദ്ദേഹം ഒരു കലാകാരനെന്ന നിലയില്‍ പറഞ്ഞത്, ഞാനിവയൊന്നും പഠിച്ചിട്ടില്ല, എന്നാല്‍ ഇവയെല്ലാം എന്നിലുണ്ടായിരുന്നു. ആവശ്യം വന്നപ്പോള്‍ ഞാന്‍ തന്നെ അവയെ തിരഞ്ഞു കണ്ടുപിടിച്ചു എന്നാണ്… ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന സിദ്ധാന്തം കലയിലും സത്യമാണ്. ഇതിന് മറ്റൊരുദാഹരണമാണ്, മോഹന്‍ലാല്‍ ചെയ്ത രാജശില്പിയിലെ ശിവതാണ്ഡവനൃത്തം. നട്ടുവം പരമശിവം എന്ന പ്രശസ്ത നര്‍ത്തകനാണ് രാജശില്‍പിയില്‍ മോഹന്‍ലാലിനെ നൃത്തം പഠിപ്പിച്ചത്.

ഒരു നടന്‍, തന്റെ വ്യക്തിയെന്ന സ്വത്വം വിട്ടെറിഞ്ഞു, രൂപഭാവങ്ങളിലും ആംഗ്യചേഷ്ടകളിലും മറ്റൊരാളായി പരിണമിക്കുമ്പോള്‍ അയാളിലെ അഭിനേതാവ് കാഴ്ചക്കാരെ തന്റെ മുന്നിലുള്ളത് ജീവനുള്ള കഥാപാത്രമെന്ന് വിശ്വസിപ്പിക്കുന്നു… രാജശില്പിയില്‍ ഉടനീളം,വിരോധിയും കോപിഷ്ഠനും ഏകാകിയുമായ ശിവഭാവങ്ങളെ തന്നിലൂടെ പ്രകടമാക്കിയ മോഹന്‍ലാല്‍ അതിനെ പൂര്‍ണതയില്‍ എത്തിച്ചത്. ഒന്നു പിഴച്ചാല്‍ പാളിപ്പോകാവുന്ന ശിവതാണ്ഡവത്തെ, മണിക്കൂറുകള്‍ കൊണ്ട് പഠിച്ചെടുത്ത്, ശിവന്റെ രുദ്ര -നിസ്സംഗ,പൗരുഷ- ഗാംഭീര്യ ഭാവങ്ങളോടെ അസാധാരണ മെയ്വഴക്കത്താല്‍ ലാസ്യ ചടുലചലനങ്ങളുടെ അകമ്പടിയില്‍ ഭാവസമന്വയത്തോടെ താണ്ഡവമായി പകര്‍ന്നാടിയപ്പോളാണ്.

ഒരു നടന്‍ കഥാപാത്രമായി മാറുക എന്ന പ്രക്രിയക്ക് അര്‍ഹിച്ച ഉദാഹരണമായി പറയാവുന്ന പ്രകടനം. മോഹന്‍ലാലിലെ നടന്റെ സൂക്ഷ്മാഭിനയം എന്തെന്ന് പഠിക്കാന്‍ പറ്റിയ ചലച്ചിത്രവിഷ്‌ക്കാരം… കാണുന്ന ഓരോ കാഴ്ചയിലും ഓരോ പുതിയ അനുഭവം സമ്മാനിക്കുന്ന, മോഹന്‍ലാലിനൊപ്പം ഭാനുപ്രിയയുടെ അഭിനയവും,ഒഎന്‍വി സാറിന്റെ വരികളും രവീന്ദ്ര സംഗീതവും ചേര്‍ത്ത് ആര്‍ സുകുമാരന്‍ സാര്‍ അഭ്രപാളിയില്‍ കൊത്തിയെടുത്ത മനോഹര കാവ്യം, ‘രാജശില്‍പി’ .