ആദ്യമായി മോഹൻലാലിനെ വീഴ്ത്തി മമ്മൂട്ടി?: ജനപ്രീതിയിൽ ഇത് ചരിത്ര മാറ്റം
മലയാളത്തിൽ എക്കാലവും കൂടുതൽ ജനപ്രീതിയുള്ള നടൻ മോഹൻലാൽ തന്നെയാണ്. ഈയിടെയായി മമ്മൂട്ടി കൂടുതൽ മികച്ച വേഷങ്ങൾ ചെയ്യുകയും മോഹൻലാലിന് തുടർ പരാജയങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലും ജനപ്രീതിയിൽ മോഹൻലാൽ തന്നെയായിരുന്നു മുന്നിൽ. എന്നാലിപ്പോൾ അതിൽ മാറ്റം വന്നിരിക്കുകയാണ്. മലയാളത്തിലെ ജനപ്രീതി കൂടിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത് ഓർമാക്സ് മീഡിയയാണ്.
ഒന്നാം സ്ഥാനത്ത് ഇത്തവണ മാറ്റമുണ്ടായിട്ടുണ്ട്. മോഹൻലാൽ ആധിപത്യം പുലർത്തിയിരുന്ന പട്ടികയിൽ ഇത്തവണ പക്ഷേ മമ്മൂട്ടിയാണ് മുന്നിൽ. രണ്ടാം തവണയാണ് മമ്മൂട്ടി മലയാള താരങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുന്നത്. ഫെബ്രുവരിയിലെ പട്ടികയിലെ ഏറ്റവും പ്രത്യേകതയും ഇത് തന്നെയാണ്. ഫെബ്രുവരി മാസത്തിൽ നിറഞ്ഞ് നിൽക്കാൻ മമ്മൂട്ടിയെ സഹായിച്ചത് ഭ്രമയുഗത്തിന്റെ റിലീസ് തന്നെയായിരുന്നു.
റിലീസ് ചെയ്തതിന് ശേഷം ചിത്രം ആളുകൾ ഏറെ ചർച്ച ചെയ്തു. ബോക്സോഫീസിൽ വമ്പൻ ഹിറ്റായി മാറുകയും ചെയ്തു ഭ്രമയുഗം. അതുപോലെ ടർബോയുടെ പുതിയ പോസ്റ്ററുകൾ അടക്കം ഫെബ്രുവരിയിൽ മമ്മൂട്ടിയുടെ ജനപ്രീതിയിലേക്ക് വഴിതെളിയിച്ചു. അതേസമയം മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങളും മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്നതാണ്. ടർബോ, ബസൂക്ക എന്നിവയാണ് ഈ വർഷം വരാനിരിക്കുന്ന ചിത്രങ്ങൾ. മഹേഷ് നാരായണന്റെ മൾട്ടി സ്റ്റാർ ചിത്രം, കൃഷാന്തിന്റെ ടൈം ട്രാവലർ ചിത്രം എന്നിവയെല്ലാം അണിയറയിൽ മമ്മൂട്ടിക്കായി ഒരുങ്ങുന്നുണ്ട്.
അതേസമയം മോഹൻലാലിന് മലൈക്കോട്ടൈ വാലിബൻ ജനുവരിയിൽ റിലീസ് ചെയ്തെങ്കിലും കാര്യമായി ഓളമുണ്ടാക്കാനായില്ല. പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് വന്നത് ടൊവിനോ തോമസാണ്. അന്വേഷിപ്പിൻ കണ്ടെത്തുമെന്ന ചിത്രം ഹിറ്റായതാണ് താരത്തെ നേട്ടത്തിലെത്താൻ സഹായിച്ചത്. അടുത്തിടെ ഈ ചിത്രം ഒടിടിയിലും റിലീസായിരുന്നു. അതുപോലെ നാലാം സ്ഥാനത്ത് പൃഥ്വിരാജാണ്. ആടുജീവിതത്തിനുള്ള ഹൈപ്പാണ് പൃഥ്വിരാജിന് നേട്ടമായത്.
പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഈ മാസം അവസാനമാണ് ചിത്രത്തിന്റെ റിലീസ്. ആടുജീവിതത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. എആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അതേസമയം അഞ്ചാം സ്ഥാനത്ത് ഫഹദ് ഫാസിലാണ്.