“മമ്മൂട്ടി ഡാഡിയുടെ സീനിയർ ആയിരുന്നു; ഞാനും ദുൽഖറും സഹപാഠികൾ”: ഹൈബി ഈടൻ
മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയെ പറ്റി ഓരോരുത്തർക്കും പറയുവാനുള്ളത് ഓരോ കഥകളാണ്. താരത്തെപ്പറ്റി പറയുന്നത് വളരെ കൗതുകത്തോടെ തന്നെയാണ് എന്നും ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ രാഷ്ട്രീയപ്രവർത്തകൻ ഹൈബി ഈഡൻ പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒപ്പം മുൻപ് പങ്കുവെച്ച ഒരു പോസ്റ്റും ഇതിനോടനുബന്ധമായി ചർച്ചയാകുന്നു. “നീ എന്റെ ഈടന്റെ മകനാണ്. നിനക്ക് എപ്പോൾ വേണമെങ്കിലും ഈ വീട്ടിലേക്ക് കയറി വരാം” എന്ന് മമ്മൂട്ടി മുൻപ് പറഞ്ഞിരുന്നല്ലോ. താങ്കളുമായി മമ്മൂട്ടിക്കുള്ള ബന്ധം എങ്ങനെയാണെന്ന അവതാരികയുടെ ചോദ്യത്തിനാണ് മെഗാസ്റ്റാറിനെപറ്റി ഹൈബി ഈഡൻ വാചാലനായത്.
“ഡാഡിയുടെ സീനിയർ ആയി എറണാകുളം ലോ കോളേജിൽ പഠിച്ച വ്യക്തിയാണ് മമ്മൂക്ക. മമ്മൂക്കയുടെ മകൻ ദുൽഖറും ഞാനും ഒരേ ക്ലാസിലായിരുന്നു പഠിച്ചത്. അത് മാത്രമല്ല എനിക്ക് മമ്മൂക്കയെപ്പറ്റി പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത്. എൻറെ സഹോദരിയുടെ കാര്യമാണ്. സഹോദരിയുടെ ഒരു ആവശ്യത്തിനായി മമ്മൂട്ടി ഇടപെട്ടതിനെക്കുറിച്ചും തന്നോടുള്ള അദ്ദേഹത്തിൻറെ കരുതലിനെക്കുറിച്ചും ഹൈബി വാചാലനായി. കെ എസ് യു ജില്ലാപ്രസിഡന്റായിരുന്ന സമയത്ത് സഹോദരിക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ ക്യാമ്പസ് റിക്രൂട്ട്മെൻറ് വഴി ജോലി ലഭിച്ചു. ആദ്യ പോസ്റ്റിങ്ങ് ബാംഗ്ലൂരിലായിരുന്നു. നാട്ടിലേക്ക് ഒരു സ്ഥലംമാറ്റം ആവശ്യമായിരുന്നു. പല വഴികൾ നോക്കിയെങ്കിലും നടന്നില്ല. അപ്പോഴാണ് സൗത്ത് ഇന്ത്യൻ ബാങ്കിൻറെ ബ്രാൻഡ് അംബാസഡർ ആയ മമ്മൂക്കയെ കുറിച്ച് ഓർക്കുന്നത്.
ഉടനെ സിനിമ നിർമാതാവ് ആൻഡോ ജോസഫിനെ വിളിച്ച് മമ്മൂക്കയുടെ ഒരു അപ്പോയിന്മെന്റ് തരപ്പെടുത്തി. അന്ന് എൻറെ കൂടപ്പിറപ്പായ കവസാക്കി ബൈക്കും എടുത്ത് മമ്മൂക്കയുടെ വീട്ടിലേക്ക് കുതിക്കുകയായിരുന്നു. നല്ല മഴയായതിനാൽ മുണ്ടും ഷർട്ടും ഒക്കെ നനഞ്ഞ് അദ്ദേഹത്തിന്റെ കാർപോർച്ചിൽ ശംഘിച്ചു നിന്നു. ഇപ്പോൾ കേറണോ വേണ്ടയോ? എന്നെ കണ്ട ഉടനെ അദ്ദേഹം വാത്സല്യത്തോടെ വീട്ടിൽ കയറ്റി ഇരുത്തി ഒരു കട്ടൻചായ തന്നു. ശേഷം ഇങ്ങനെ പറഞ്ഞു; ‘നിനക്ക് ഈ വീട്ടിൽ എപ്പോഴും കയറി വരാനുള്ള അവകാശം ഉണ്ട്. നീ എൻറെ ഈടൻറെ മകനാണ്’. എറണാകുളം ലോ കോളേജിലെ പഴയ സഹപാഠിയുടെ മകനെ അദ്ദേഹം സ്വീകരിച്ച രീതി ഏറെ കൗതുകത്തോടെയാണ് ഞാൻ നോക്കി കണ്ടത്.
അന്നേവരെ മനസ്സിൽ കണ്ടിരുന്ന കർക്കശക്കാരനായ മമ്മൂട്ടി അലിഞ്ഞ് ഇല്ലാതെ ആവുകയായിരുന്നു. ആവശ്യം കേട്ട് ഉടൻ തന്നെ അദ്ദേഹം ഫോൺ എടുത്ത് സൗത്ത് ബാങ്കിൽ വിളിച്ച് കാര്യം പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞും തീരുമാനമായില്ല. ഒരിക്കൽ കൂടി അദ്ദേഹത്തെ കണ്ടു. അടുത്ത തവണ അദ്ദേഹം ബാങ്ക് അധികൃതരോട് സംസാരിച്ചത് കൂടുതൽ
കടുപ്പത്തിലായിരുന്നു. ഈ സ്ഥലംമാറ്റം ശരിയായില്ലെങ്കിൽ ബാങ്കിൻറെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് വരെ പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ സ്ഥലംമാറ്റം ശരിയായി. സഹോദരി നാട്ടിലെത്തി. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവർക്കും ഇത്തരം കഥകൾ പറയുവാൻ ഉണ്ടാകും” എന്നാണ് ഐബി ഈഡൻ പറഞ്ഞത്.