രത്തീനയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു; വീണ്ടുമൊരു ഓഫ് ബീറ്റ് ചിത്രമോ?
മെഗാസ്റ്റാർ മമ്മൂട്ടിയും രത്തീന പി.ടിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. ഒരു ഓഫ് ബീറ്റ് ചിത്രത്തിനു വേണ്ടി തന്നെയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. അടുത്ത വർഷമാകും റിലീസ്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. മമ്മൂട്ടി ഗ്രേ ഷേഡിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ച പുഴു എന്ന ചിത്രത്തിന്റെ സംവിധായികയാണ് രത്തീന.
മമ്മൂട്ടിയും രത്തീനയും ആദ്യമായി ഒന്നിച്ച പുഴു സോണി ലിവിലൂടെ ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്. ശക്തമായ ജാതി രാഷ്ട്രീയം സംസാരിക്കുന്ന ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ മമ്മൂട്ടി മികച്ചതാക്കി. പാർവതി തിരുവോത്തും അപ്പുണ്ണി ശശിയും ചിത്രത്തിൽ അഭിനയിച്ചിരുന്നു. പുഴു പോലെ സമകാലിക വിഷയങ്ങൾ പ്രതിപാദിക്കുന്നത് തന്നെയായിരിക്കും രത്തീനയുടെ പുതിയ ചിത്രവും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും.
ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, രേവതി ഉൾപ്പെടെയുള്ള പ്രശസ്ത സംവിധായകരോടൊപ്പം പ്രവർത്തിച്ചു മലയാള സിനിമയിൽ വർഷങ്ങളായുള്ള സജീവ സാന്നിധ്യമാണ് രത്തീന. ഒരു പുതുമുഖ സംവിധായിക എന്ന തോന്നൽ ഉളവാക്കാതെ ആയിരുന്നു രത്തീന ആദ്യചിത്രം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചത്. കുറച്ചു കഥാപാത്രങ്ങളുള്ള, ലിമിറ്റഡ് സ്പേസുകളിൽ ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രത്തിൽ കഥാപാത്രങ്ങളുടെ, വിശേഷിച്ചും മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിൻറെ മൈൻഡ്സ്കേപ്പിനായിരുന്നു പ്രാധാന്യം നൽകിയിരുന്നത്.