നെറ്റ്ഫ്ലിക്സിന്റെ പട്ടികയിൽ ‘വൺ’ രണ്ടാം സ്ഥാനത്ത്; ഇത് മലയാളസിനിമയ്ക്ക് അഭിമാന നിമിഷം
മെഗാസ്റ്റാർ മമ്മൂട്ടി മലയാളത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം എന്ന പ്രത്യേകതയുടെ റിലീസ് ചെയ്ത പുതിയ സിനിമയാണ് വൺ. ബോബി-സഞ്ജയുടെ കൂട്ടുകെട്ടിൽ തിരക്കഥ ഒരുക്കിയ ഈ ചിത്രം സന്തോഷ് വിശ്വനാഥ് ആണ് സംവിധാനം ചെയ്തത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്ന ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം മെയ് മാസം 26നാണ് കേരളമൊട്ടാകെ റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടിയ ചിത്രം വിജയകുതിപ്പ് തുടരുമ്പോഴാണ് വീണ്ടും രാജ്യവ്യാപകമായി കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനം ഉണ്ടായത്. തുടർന്ന് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം തിയറ്ററിൽ നിന്ന് പിൻവാങ്ങുകയും തിയേറ്ററുകൾ അടച്ചിടുകയും ചെയ്തു. ഇതോടെ മികച്ച അഭിപ്രായം നേടിയ വൺ തിയേറ്ററിൽ പോയി തന്നെ കാണാൻ നിരവധി ആരാധകർക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് വൺ നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസായി പ്രേക്ഷകർക്കു മുമ്പിൽ വീണ്ടുമെത്തി. ഏപ്രിൽ 27-ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത ചിത്രത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് വിവിധ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ചിത്രത്തിൽ മുരളി ഗോപി, ജോജു ജോർജ്, മാത്യു തോമസ്, സലിം കുമാർ, ജഗദീഷ്, അലൻസിയർ, ഗായത്രി അരുൺ, സംവിധാനം രഞ്ജിത്ത് തുടങ്ങി നിരവധി താരങ്ങൾ അണിനിരന്നു.
ഇപ്പോഴിതാ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് നെറ്റ്ഫ്ലിക്സിൽ നിന്നും ലഭിക്കുന്നതെന്ന് ചിത്രത്തിലെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മറ്റു രാജ്യങ്ങളിൽ നിന്നും വണ്ണിന് മികച്ച പ്രതികരണം ലഭിക്കുന്നതെന്ന റിപ്പോർട്ട് പുറത്തു വിട്ടത്. നെറ്റ്ഫ്ലിക്സിന്റെ യുഎഇ പട്ടികയിൽ ചിത്രം രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്തുകൊണ്ടും മലയാള സിനിമയ്ക്ക് അഭിമാനം ആകുന്ന ഒരു നേട്ടം തന്നെയാണിത്. തിയേറ്ററുകളിൽ മുടങ്ങിപ്പോയ വിജയക്കുതിപ്പ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കടയ്ക്കൽ ചന്ദ്രൻ തുടരുകയാണ് എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.