“സിനിമയോട് ഗുഡ്ബൈ പറയും മുമ്പ് തീർച്ചയായും ഒരു സിനിമ സംവിധാനം ചെയ്യും” മമ്മൂട്ടിയുടെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു
1 min read

“സിനിമയോട് ഗുഡ്ബൈ പറയും മുമ്പ് തീർച്ചയായും ഒരു സിനിമ സംവിധാനം ചെയ്യും” മമ്മൂട്ടിയുടെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു

ലോക മലയാളികൾ മമ്മൂട്ടിയുടെ എഴുപതാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ വർഷങ്ങൾക്കു മുമ്പ് മമ്മൂട്ടി നടത്തിയ ഒരു പ്രഖ്യാപനമാണ് ഇപ്പോൾ ചർച്ചയാവുന്നത്. അഭിനയത്തിനു പുറമേ തന്റെ സംവിധാന മോഹത്തെക്കുറിച്ചുള്ള മമ്മൂട്ടിയുടെ തുറന്നുപറച്ചിൽ വീണ്ടും സമൂഹമാധ്യമങ്ങളിൽ ആരാധകർ ചർച്ച ചെയ്യുകയാണ്. മലയാളത്തിലെ സൂപ്പർതാരങ്ങൾ സംവിധാന രംഗത്തേക്ക് ചുവടു വെച്ചിരിക്കുന്നതോടെ മമ്മൂട്ടിയും എന്നാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ഏവരും ആരായുന്ന ഒരു വിഷയമാണ്. പലകുറി ഒരു ചോദ്യത്തിൽ നിന്നും മമ്മൂട്ടി ഒഴിഞ്ഞുമാറുകയോ അല്ലെങ്കിൽ ആ ഒരു മേഖലയിലേക്ക് താൻ വരികയില്ല എന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട് എങ്കിലും ആരാധകർക്കും മലയാളസിനിമ പ്രേമികൾക്കും മമ്മൂട്ടി ഒരു സിനിമ സംവിധാനം ചെയ്യുന്നത് കാണാൻ വലിയ ആഗ്രഹം ആണ് ഉള്ളത്. ഈ സാഹചര്യത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് 1992-ൽ ഏകദേശം 29 വർഷങ്ങൾക്കുമുമ്പ് മമ്മൂട്ടി നൽകിയ അഭിമുഖത്തിൽ പറയുന്ന ഒരു കാര്യമാണ്. ഒരു വിദേശ ചാനലിനു വേണ്ടി ജിന കോൾമാൻ നടത്തിയ അഭിമുഖം അഭിനേതാവും ഛായാഗ്രാഹകനുമായ ഏ.വി.എം ഉണ്ണിയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

വർഷങ്ങൾക്കുമുമ്പ് തീവ്രമായ തന്റെ സംവിധാന മോഹം മമ്മൂട്ടി പങ്കുവെക്കുന്നത് അഭിമുഖത്തിൽ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നതാണ്. സിനിമാ സംവിധാനം എന്ന മോഹത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ ; “സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷേ എനിക്ക് ഇപ്പോഴും പേടിയാണ്, ഒരു സിനിമ ചെയ്യാനാവശ്യമായ മാനസികാവസ്ഥയിലല്ല ഞാൻ, അതിനുവേണ്ട അനുഭവസമ്പത്ത് എനിക്ക് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സിനിമയോട് ഗുഡ്ബൈ പറയും മുമ്പ് തീർച്ചയായും ഒരു സിനിമ സംവിധാനം ചെയ്യും”. വർഷങ്ങൾക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോഴും മമ്മൂട്ടിയുടെ ഈ വാക്കുകൾ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. വരുംനാളുകളിൽ മമ്മൂട്ടി സംവിധാനം ചെയ്യുന്ന ഒരു ചിത്രം ഉണ്ടാകും എന്ന് തന്നെ ഏവരും ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply