മഹാരാജാസിന്റെ ഓര്‍മ്മകളില്‍ വികാരഭരിതനായി മമ്മൂട്ടി; ഇന്‍സ്റ്റഗ്രാം വീഡിയോ വൈറലാകുന്നു
താന്‍ പഠിച്ച മഹാരാജാസ് കോളേജിലേക്കുള്ള മടക്കം മനോഹരമായ ഒരു വീഡിയോയായി അവതരിപ്പിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മമ്മൂട്ടി വീഡിയോ പങ്കുവെച്ചത്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ ചിത്രീകരണത്തിനായി മഹാരാജാസ് കോളേജിലെത്തിയപ്പോള്‍ എടുത്തതാണ് വീഡിയോ. ‘എന്നെങ്കിലും ഒരിക്കല്‍ സിനിമ ഷൂട്ടിംഗിനായി ഇവിടെ വരുമെന്ന് കരുതിയിരുന്നില്ലെന്നും, വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചവെന്നും മമ്മൂട്ടി വീഡിയോയില്‍ പറയുന്നു. മഹാരാജസിന്റെ മുന്നില്‍ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്.
‘ലൈബ്രറിയില്‍ നിന്നത് മലയാളിയുടെ മഹാ നടനല്ല, ചെമ്പ് എന്ന ദേശത്തുനിന്ന് കായല്‍കടന്ന് കോളേജിലെത്തിയ മുഹമ്മദുകുട്ടിയെന്ന ആ പഴയ ചെറുപ്പക്കാരനാണ്. സിനിമാനടനല്ല മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം’ എന്ന വാക്കുകളോടെയാണ് മഹാരാജാസിലെ ലൈബ്രറിയെ മമ്മൂട്ടി പരിചയപ്പെടുത്തുന്നത്. അവിടുത്തെ പഴയ മാഗസിനുകള്‍ അന്വേഷിച്ചതും. ആദ്യമായി തന്റെ ഒരു ചിത്രം അടിച്ചുവന്ന മാഗസിന്‍ കണ്ടെത്തിയതും ആവേശത്തോടെ മമ്മൂട്ടി വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴത്തെ മഹാരാജാസിലെ കുട്ടികള്‍ക്കൊപ്പം സെല്‍ഫി എടുത്ത് മടങ്ങുന്ന മമ്മൂട്ടി അവസാനം പറയുന്ന വാചകങ്ങളും ശ്രദ്ധേയമാണ്. കാലം മാറും, കലാലയത്തിന്റെ ആവേശം അത് മാറില്ല. ആ പുസ്തകത്തിലെ ചിത്രത്തില്‍ നിന്നും ആ മൊബൈലില്‍ പതിഞ്ഞ ചിത്രത്തിലേക്കുള്ള ദൂരം – മമ്മൂട്ടി വാഹനത്തില്‍ മടങ്ങുന്ന രംഗത്തോടെ വീഡിയോ അവസാനിക്കുന്നു.
https://www.instagram.com/reel/CpK1eLxjqCC/?utm_source=ig_web_copy_link
അതേസമയം, ഇനി തിയേറ്ററുകളില്‍ എത്താനുള്ള മമ്മൂട്ടി ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വേറിട്ട ഗെറ്റപ്പിലുള്ള പോലീസ് കഥാപാത്രമാകും മമ്മൂട്ടിയുടേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിക്കുകയാണ്. പൂനെയാണ് നിലവിലെ ലൊക്കേഷന്‍.
കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗം, കോയമ്പത്തൂര്‍ എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷന്‍. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.