‘മലൈക്കോട്ടൈ വാലിബനി’ല്‍ ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ ?
1 min read

‘മലൈക്കോട്ടൈ വാലിബനി’ല്‍ ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ ?

ലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് ആരൊക്കെയാണെന്നതും അങ്ങനെതന്നെ. ആട് 2 ലെ ചെകുത്താന്‍ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ ഹരി പ്രശാന്ത്, മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ക്യാരക്റ്റര്‍ റോളുകളിലൂടെ കൈയടി നേടിയ ഹരീഷ് പേരടി എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് നേരത്തെ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മലൈക്കോട്ടൈ വാലിബനില്‍ ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ എത്തുന്നുവെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഇന്ത്യന്‍ ഗുസ്തി രീതിയെ ലോകപ്രശ്സതമാക്കിയ ഫയല്‍വാന്‍. ഏകദേശം അമ്പതു വര്‍ഷത്തോളം എതിരാളികളില്ലാതെ അജയ്യനായി ഗോദ ഭരിച്ച താരമാണ് ഗുലം മുഹമ്മദ് ബക്ഷ് ഭട്ട് എന്ന ഗ്രേറ്റ് ഗാമ. ഗാമയായി മോഹന്‍ലാല്‍ എത്തുന്നുവെന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. 1900 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് മലൈക്കോട്ടൈ വാലിബന്‍ പറയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്ന സൂചനയാണ് ഇതിന്റെ ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും ലഭിക്കുന്നതും.

രാജസ്ഥാനിലെ പൊഖ്റാന്‍ കോട്ടയില്‍ ചിത്രത്തിന്റെ ഇരുപതു ദിവസത്തെ ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുകയാണ്. പൊഖ്റാനിലെ 20 ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് വീണ്ടും ജയ് സാല്‍മീരിലേക്കു ഷൂട്ടിംഗ് സംഘം തിരിച്ചു വരും. മലയാളത്തിന്റെ നടനവൈഭവം മോഹന്‍ലാലും പ്രഗത്ഭനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുമ്പോള്‍ തിയേറ്ററില്‍ ദൃശ്യ വിസ്മയം സൃഷ്ടിക്കുമെന്നുറപ്പാണ്. പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് ശേഷം പി എസ്സ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. രാജസ്ഥാനില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്.